Friday 1 July 2011

എഴുതുവാന്‍ കഴിയാതെ വന്നപ്പോള്‍ ....

എഴുതുവാന്‍ ഒന്നുമില്ല എന്ന തോന്നല്‍ ഉടലെടുത്തപ്പോള്‍ ഞാന്‍ ... എന്തൊക്കെയോ എഴുതണം എന്ന ഭാവം കാണിച്ച പേനയെ തിരികെ ഉടുപ്പിന്റെ കീശയില്‍ തിരുകി . ഇന്നും ഞാന്‍ എഴുതപ്പെടില്ല എന്ന തോന്നല്‍ കൊണ്ടാവാം മേശ വിരിപ്പിന്റെ മുകളില്‍ സ്ഥാനം പിടിച്ച കടലാസുകള്‍ കാറ്റില്‍ ഇളകി പറന്നു ഒന്നല്ല കുറെയേറെ കടലാസുകള്‍. എല്ലാം പെറുക്കി അടുക്കി വച്ചു . കുറെ കാലം മുന്പ് എഴുതിവച്ച എന്‍റെ ഡയറികളില്‍ ഒന്നെടുത് വെറുതെ പേജുകള്‍ മറിച്ചു .നാട്ടില്‍ ഉരുള്‍ പൊട്ടല്‍ നാശം വിതച്ച നാളുകള്‍ കവിതപോലെ എഴുതിയിട്ട വരികള്‍ ഇങ്ങനെ തുടങ്ങുന്നു
"ഭൂമിതന്‍ നൊമ്പരം "
ഓര്‍ക്കുമോ നീ എന്നെ ഒരു വേളയെങ്കിലും
നിന്‍ ഭാരം ചുമക്കുന്ന ഭൂമിയാമെന്റെ
ഹൃദയാന്തരാളത്തില്‍ നിന്നുമുയിര്‍ കൊള്ളും
ഗദ്ഗധം കേള്‍ക്കുമോ ...നീ ഒരു നിമിഷമെങ്കിലും
മണ്ണില്‍ നിന്നുയിര്‍ കൊണ്ട മനുഷ്യ ശരീരമേ
ഒരു നാളില്‍ എന്‍ മടിത്തട്ടില്‍ പിറന്ന -നിന്‍
നിസ്സഹായത കണ്ടു ഞാന്‍ നിന്നെ നീയാക്കി
അന്ന് സ്നേഹിച്ചു നീ എന്നെ അഗാധമായി
വര്‍ണ്ണനാതീതമാം സൌന്ദര്യമെന്നു -നീ
എന്‍റെ അഴകിനെ പാടി പുകഴ്ത്തി
നിന്‍ കഥകളില്‍ കവിതകളിലോക്കെയും
എന്‍ പ്രകൃതി ഒരു സ്ഥിരം അധിതിയായ്
ഹരിത വൃക്ഷങ്ങളെന്നെ സൌന്ദര്യ വതിയാക്കി
പുഴകളും നദികളും എന്‍ വിരിമാറിലൂടെ
ഒഴുകി എന്‍ മണ്ണിനെ നനവുള്ളതാക്കി
ആടാതെ ഉലയാതെ ഉറപ്പിച്ചു നിര്‍ത്തിയ
പര്‍വതങ്ങളും എന്നിലുണ്ടായിരുന്നു
എന്നോ ഒരിക്കല്‍ ഭ്രാന്തനായ് മാറി -നീ
എന്‍ വിരി മാറില്‍ താണ്ടവമാടി
എന്നെ ഉറപ്പിച്ചു നിര്‍ത്തിയ പര്‍വതങ്ങള്‍
നിന്‍ ബാലിഷ്ടമാം കരങ്ങളാല്‍ തകര്‍ത്തുടച്ചു
എന്നിലുടൊഴുകിയ പുഴകളിന്‍ തെളിനീരിനെ
കാഠിന്യ വിഷമയം ഉള്ളതാക്കി
പച്ച പുതച്ച എന്നിലെ വൃക്ഷങ്ങളെ വെട്ടിയെറിഞ്ഞു
എന്‍ മണ്ണിനെ നീ ഇന്ന് തരിശാക്കി മാറ്റി
ഒക്കെയും പരിണിത ഭലമായി ഇന്ന് ഞാന്‍-
ഭൂകമ്പങ്ങളുടെ വിളനിലമാകുന്നു
എല്ലാം കണ്ടിട്ടും കാണാതെ ഗമിക്കുന്നു ഭ്രാന്തമായി വീണ്ടും നീ എന്നിലൂടെ
സ്വയം നശിക്കുവാന്‍ നാശം വിതക്കുന്നു
മണ്ണിന്റെ മണമുള്ള മനുഷ്യ ശരീരമേ ..