Friday, 14 January 2011

അക്ഷരങ്ങളുടെ സഹയാത്രികന്‍.ഞാന്‍ അബുദാബിയില്‍വെച്ച് കണ്ടുമുട്ടിയതാണ് അദ്ദേഹത്തെ. വളരെ അവിചാരിതമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. കാരണം അയാള്‍ എനിക്ക് അപരിചിതനായിരുന്നു. പള്ളിയില്‍ നിന്നും അസര്‍നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ സലാംപറഞ്ഞു ഹസ്തദാനം ചെയ്തു. പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ കണ്ടു മുട്ടി .

ഒരിക്കല്‍ ഞാന്‍ പേര് ചോദിച്ചു.

"ഐഫെര്‍ ഉബെഹ്സ്"

മലയാളിയാണ്. അത് കൊണ്ട് തന്നെ ആ പേര് കേട്ട് ഞാന്‍ ഞെട്ടി; അത്ഭുതപ്പെട്ടു!
ആദ്യമായി കേള്‍ക്കുന്ന ഒരു നാമം!
ഈജിപ്തില്‍ ജീവിച്ച ഒരു പ്രശസ്തനായ എഴുത്തുകാരന്റെ പേരാണ് ഇതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞു.
എഴുത്തുകാരന്‍ എന്ന നിലയില്‍ മകന്‍ പ്രശസ്തനാവനം എന്ന ആഗ്രഹവുമായി അയാളുടെ ബാപ്പയിട്ട പേരാണത്രേ അത് . അതിന്റെ പൂര്‍ത്തീകരണം ആഗ്രഹിച്ചു ആവണം അയാളും എഴുത്തിന്റെ ലോകത്തേക്ക് നടന്നു കയറിയത്.

ഇപ്പോഴും അയാള്‍ ആരും അറിയപ്പെടാത്ത ഒരു എഴുത്തുകാരനാണ്! പക്ഷെ അറിയപ്പെടാന്‍ ശ്രെമിക്കുന്നുമില്ല!
പലപ്പോഴായി എഴുതി കൂട്ടിയ കവിതകളും കഥകളും അയാളുടെ കാറില്‍ സൂക്ഷിച്ചിട്ടുണ്ട്.
ചിലപ്പോള്‍ കവിതകളുടെ ലോകം. ചിലപ്പോള്‍ കഥകള്‍ മെനഞ്ഞെടുക്കുന്ന തിരക്കില്‍. പല സ്ഥാപനങ്ങളില്‍ പല ജോലികള്‍ ചെയ്തു.പക്ഷെ ഉറക്കവും വിശ്രമവും എഴുത്തും എല്ലാം തന്‍റെ കാറിനുള്ളില്‍!

പലപ്പോഴും ഒരു പാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നിട്ടുണ്ട്. ലോകത്തിലെ പല സംഭവങ്ങളെ കുറിച്ചും;
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളെ നോക്കിയും മരുഭൂവിലെ പച്ചപ്പിനെ ചൂണ്ടിയും പ്രക്ര്തിയോട് ചേര്‍ന്നു നിന്ന്
സാഹിത്യത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് വാചാലനാകും. ആകാശത്തിലെ മേഖക്കൂട്ടങ്ങളെ നോക്കി കവിത ചൊല്ലും കണ്ണില്‍ കാണുന്നതൊക്കെയും ഐഫെര്‍ ഉബെഹ്സ് എന്ന അറിയപ്പെടാത്ത എഴുത്തുകാരന്റെ സാഹിത്യ ഭാവനയില്‍ കവിതകളും കഥകളുമായി രൂപം പ്രാപിക്കും .

എന്ത് കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ താങ്കള്‍ ശ്രെദ്ധിക്കപ്പെട്ടില്ല എന്ന എന്‍റെ ചോദ്യത്തിനു പെട്ടെന്ന് മറുപടി വന്നു:

"എന്തിനു വേണ്ടി ഞാന്‍ ശ്രെദ്ധിക്കപ്പെടണം ? എന്നെപ്പോലെ ലോകം അറിയപ്പെടാതെ എത്രയോ എഴുത്തുകാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്നും എത്രയോപേര്‍ ജീവിച്ചിരിക്കുന്നു. മലയാള ഭാഷക്ക് എന്‍റെ കൃതികള്‍ ഒരു മുതല്‍കൂട്ട് ആകുന്നെങ്കില്‍ ഞാന്‍ തൃപ്തനാണ്"

ഞാന്‍ ചിന്തിച്ചു... ശെരിയാണ് എത്രയോ എഴുത്തുകാര്‍.. അവരുടെ ഒക്കെ തൂലികയില്‍ നിന്നും ജന്മമെടുത്ത എത്രയോ സാഹിത്യ സൃഷ്ടികള്‍ വെളിച്ചം കാണാതെ ....ഒടുവില്‍ എല്ലാം ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു സാഹിത്യവും എഴുത്തും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.

അസ്തമന സൂര്യന്റെ നിറങ്ങള്‍ക്ക് സാഹിത്യത്തില്‍ ചാലിച്ച കാവ്യഭംഗി നല്‍കി ഉബെഹ്സ് ചൊല്ലുന്ന കവിതകള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള കുറേ സായാഹ്നങ്ങള്‍ എന്നോടൊപ്പം ഉബെഹ്സ് ഉണ്ടായിരുന്നു.... പിന്നീടെപ്പോഴോ നിഗൂഡതകള്‍ ബാക്കിയാക്കി കാണാമറയത്തിലേക്ക് ഒളിക്കുകയായിരുന്നു ഉബെഹ്സ്..!

വളരെ നാളുകള്‍ക്കു ശേഷം....ഇന്ന് ഓര്‍മ്മകളുടെ പത്തായ ചെപ്പില്‍ ഏതോ ഒരറ്റത്ത് മാറാലകളില്‍ കുടുങ്ങിക്കിടന്ന ഉബെഹ്സിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജീവന്‍ തുടിച്ചു. കാരണം എഴുത്തിന്റെ ലോകത്തേക്ക് എന്നെ ക്ഷണിക്കുകയും അക്ഷരങ്ങളുടെ കൂട്ടുകാരന്‍ ആകാന്‍ എന്നെ പ്രേരിപ്പിക്കയും അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന വാക്കുകള്‍ക്കു കൊടും കാറ്റിനെക്കാള്‍ ശക്തിയുണ്ടെന്നും വാളിനേക്കാള്‍ മൂര്‍ച്ചയേറുമെന്നും എന്നെ ഓര്‍മ്മിപ്പിച്ചത് ഐഫെര്‍ ഉബെഹ്സ് ആയിരുന്നു.

ഇന്ന് ബൂലോത്തൂടെ യാത്രചെയ്യുമ്പോള്‍, എഴുതുമ്പോള്‍, അക്ഷരങ്ങളെ എനിക്ക് കൂട്ടുകാരനാക്കിത്തന്ന അദ്ദേഹത്തെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ?