Wednesday 11 April 2012

ഓര്‍മ്മയിലൊരു പേമാരി

ഓണപ്പരീക്ഷ കഴിഞ്ഞുള്ള അവധിദിനം ഇന്നുമുതല്‍ തുടങ്ങുകയായി. അതിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള എന്റെ കലാപരിപാടികളും തുടങ്ങിക്കഴിഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും ഉറക്കം വിട്ടുണരാതെയുള്ള എന്റെ കിടപ്പ് കണ്ടിട്ടാണ് ഉമ്മ രംഗപ്രവേശം ചെയ്തത്. കയ്യിലെ ഗ്ലാസില്‍ വെള്ളമുണ്ടായിരുന്നു. പക്ഷെ വളരെ പെട്ടെന്ന് പെങ്ങളുടെ മുന്നറിയിപ്പ്‌ കിട്ടിയതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

ചാടിയെഴുന്നേറ്റു കയ്യില്‍ കിട്ടിയ തോര്‍ത്ത്‌ തലയില്‍ കെട്ടി കുട്ടിക്കുരങ്ങനെ പോലെ പുറത്തുചാടി ഓടുമ്പോള്‍ ഉമ്മയ്ക്കറിയാമായിരുന്നു ഞാനെന്ന തല തെറിച്ചവനിന്ന് കുളംകലക്കുമെന്ന്! കാരണം, വീടിന്റെ താഴെ തൊടിയില്‍ ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്. ശെരിക്കും പറഞ്ഞാല്‍ ഒരു പൊതു കുളിക്കടവ്. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ കുളംകലക്കലാണ് എന്റെ വിനോദമെന്ന് ഉമ്മാക്ക് നന്നായി അറിയാം .

വയല്‍വരമ്പിനോട് ചേര്‍ന്നൊഴുകുന്ന ചെറുതോടിനു തൊട്ടടുത്താണീ കുളം. ഉച്ചഭക്ഷണവും വീട്ടുജോലികളും ഒരുവിധമൊതുക്കി പ്രദേശത്തെ സ്ത്രീകള്‍ കുളിക്കാനും അലക്കാനും ഇവിടെയെത്തും. ഞാനെന്തെങ്കിലും കുസൃതി ഒപ്പിക്കും. അവരൊക്കെയും എനിക്ക് ശകാരം സമ്മാനിക്കും. അല്ല., അതെനിക്ക് പുതുമയുള്ള കാര്യമല്ലല്ലോ..!

അതിനുള്ള സന്നാഹങ്ങളുമായിട്ടാണ് ഇന്നും എന്റെ യാത്ര. കൂടെ അങ്ങേതിലെ ഉബൈദ്, താഴത്തിലെ നിസാം, മേലേവീട്ടിലെ ഇരട്ടകളായ ഹസനും, ഹുസൈനും. പിന്നെ കുളത്തിലെ ആരവങ്ങള്‍ കേട്ട് വന്നുചേരുന്നവര്‍ വേറെയും. ചെന്നപാടെ തുടങ്ങി കലാപരിപാടികള്‍ ! പുളിമൂട്ടിലെ ഉപ്പുപ്പാടെ നെല്‍വയലിനോട് ചേര്‍ന്ന വരമ്പില്‍ നിന്നും മണ്ടപോയ ഒരു വാഴ വലിച്ചു പിഴുതു ഞങ്ങള്‍ നാലുപേര്‍കൂടി താങ്ങിയെടുത്തു ചെറുതോടിന്റെ കുറുകെയിട്ടു .കിട്ടാവുന്നത്ര കല്ലും കട്ടയും കൊണ്ടുവന്നു അണകെട്ടാന്‍ തുടങ്ങി.

അരയോളം വെള്ളമായപ്പോള്‍ അതില്‍ ചാടിത്തിമിര്‍ത്തു .രണ്ടു വാഴത്തടകള്‍ ചേര്‍ത്തുവച്ച് കെട്ടി ഒഴുക്കുള്ള ഭാഗത്ത് നിന്നും അതില്‍ കയറി ഇരുന്നും ഒഴുകിവന്നും ആദ്യം തോട് നന്നായി കലക്കിക്കൊണ്ടായിരുന്നു തുടക്കം. കുളത്തിന്റെ ഒരു പൊത്തില്‍ ഒരു നീര്‍ക്കോലിയെ കണ്ടപ്പോള്‍ യുദ്ധം പിന്നെ അവിടെയായി അണ കെട്ടിയ കല്ലുകള്‍ പിന്നെ കുളത്തിലേക്ക്‌ പാഞ്ഞു. ഒന്നിനുപിറകെ ഒന്നായി എത്ര സമയം എന്നറിയില്ല. ചുണ്ടുകളും കൈവിരലുകളും വിറക്കുവോളം വെള്ളത്തില്‍ തിമിര്‍ത്തു. ഒടുവില്‍ ഓരോരുത്തരായി കരകയറി.

നെല്പാടത്തിന്നു അരികിലൂടെ തെളിനീരോഴുക്കി താഴേക്കൊഴുകുന്ന ചെറുതോടില്‍ ഒഴുക്കിന്നെതിരെ നീന്താന്‍ ശ്രെമിക്കുന്ന കുഞ്ഞു മാനത്തുകണ്ണികളെ പിടിക്കലായി പിന്നീടുള്ള ജോലി. കുറെ അധികം കുഞ്ഞുമീനുകള്‍ ഉണ്ടായിരുന്നു. അവയെ വയല്‍വരമ്പില്‍ കുഴികുത്തി അതിലിട്ടു . എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. പുസ്തകങ്ങളും ഇമ്പോസിഷനും മാഷിന്റെ ചൂരല്‍കഷായവുമില്ലാത്ത അവധിക്കാലം...

പൊടുന്നനെ അക്കരെനിന്നും ആരോ വിളിച്ചുപറഞ്ഞു; മഴ വരുന്നേ.. മഴ..!
അങ്ങകലെ വയല്‍പ്പരപ്പിനപ്പുറത്തായി ജടായുമംഗലംപാറ കാണാമായിരുന്നു. മഴയുടെ ആരവത്തോടൊപ്പം അത് മറഞ്ഞു. എങ്ങുനിന്നോ അലറി ആര്‍ത്തു വിളിച്ചു കൊണ്ട് മഴവന്നു.
സലാമിക്കയുടെ വീടിന്റെ വാര്‍പ്പായിരുന്നു ഇന്ന്. അതൊക്കെയീ മഴ കുളം തോണ്ടും! കൊപ്രക്കളത്തില്‍ ഉണക്കാനിട്ടിരുന്ന കൊപ്ര വാരാന്‍ തിരക്കിട്ട് ഓടുന്ന ജുവൈരിയ കുഞാത്തയെ സഹായിക്കാന്‍
ആരുമുണ്ടായിരുന്നില്ല. റബ്ബര്‍മരങ്ങളുടെ ഇലകളില്‍ തത്തി കാറ്റ് താളമിട്ടു. അതിനിടയില്‍ കോരിച്ചൊരിഞ്ഞു മഴ എത്തി. തോട്ടുവരമ്പില്‍ മുന്‍പ്‌ കാണാത്തത്രയും തവളക്കുഞ്ഞുങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിമറഞ്ഞു.

മഴയോടൊപ്പം ശക്തമായ കാറ്റും വീശുവാന്‍ തുടങ്ങി. എത്രപെട്ടെന്നായിരുന്നു അന്തരീക്ഷം ക്ഷോഭിക്കാന്‍ തുടങ്ങിയത്. കുഴികുത്തി അതില്‍ പിടിച്ചിട്ടിരുന്ന മാനത്തുകണ്ണികള്‍ മഴയിലൊഴുകിയ വെള്ളത്തില്‍ നീന്തി രക്ഷപ്പെട്ടു. വയലോരത്തു കൂടി മുകളിലേക്ക് പോയിരുന്ന ഇലക്ട്രിക് ലൈനിലേക്ക് ഒരു റബ്ബര്‍മരം മറിഞ്ഞുവീണു, ശക്തമായ തീപ്പൊരി ചിതറി. തോട്ടുവക്കില്‍ നിന്നും വീട്ടിലേക്കു കയറുന്ന വഴിയിലായിരുന്നു വൈദ്യുതലൈന്‍ പൊട്ടിവീണത്. അത് കാരണം ഇനി ആ വഴിയില്‍കൂടി വീട്ടിലേത്താന്‍ കഴിയില്ല.

കയ്യിലുള്ള തോര്‍ത്ത്‌ മുണ്ട് അരയില്‍ കെട്ടി തോട്ടിലേക്ക് ചാഞ്ഞുനിന്ന ചെറിയ കശുമാവിന്റെ ചില്ലയില്‍ തൂങ്ങി കുട്ടിക്കുറുമ്പന്‍മാര്‍ ഓരോരുത്തരും മുകളിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങി. ഞാന്‍ ചാടിക്കയറിയതും താഴെ കുറ്റിക്കാട്ടിലേക്ക് പതിച്ചതും ഒന്നിച്ചായിരുന്നു. എനിക്ക് മുന്നേ കയറിയവരെല്ലാം വീണ്ടും താഴേക്ക്‌ ചാടി എന്നെ ഒരു വിധത്തില്‍ വലിച്ചു കരകയറ്റി. ദേഹാസകലം ചെളിപുരണ്ടു. കൈകാലുകളില്‍ മുള്ള് കൊണ്ട് രക്തം കിനിയുന്നുണ്ടായിരുന്നു. വീണ്ടും വെള്ളത്തിലിറങ്ങി കൈകാലുകള്‍ കഴുകി.

വീട്ടിലേക്കു നടന്നുവരുമ്പോള്‍ ഒരു നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ആര്‍ത്തിരമ്പുന്ന മഴയില്‍ അലിഞ്ഞ് ഇല്ലാതായി അവ്യക്തമായി കേള്‍ക്കുന്ന നിലവിളി! എന്താണെന്നറിയുവാന്‍ ആളുകളൊക്കെയും അങ്ങോട്ടേക്ക് ഓടുന്നുണ്ട്. മുള്ള്കൊണ്ട വേദന മറന്നു ഞാനും ഓടി. പിന്നാലെ കൂട്ടുകാരും..

അരികുകെട്ടി ഉയര്‍ത്താത്ത കിണറ്റിലേക്ക് നാലുവയസുകാരി ആബിദമോള്‍ വീണിരിക്കുന്നു!
നല്ല ആഴമുള്ള കിണറായിരുന്നു അത്. വന്നവരൊക്കെ കിണറ്റിനുള്ളില്‍ നോക്കി കണ്ണ്മിഴിച്ചു നിന്നു. സ്തീകള്‍ വാവിട്ടുകരയുന്നു.. ആരുടെയും ഉള്ളില്‍ ഒരു വഴിയും തെളിഞ്ഞുവരുന്നില്ല പക്ഷെ ഒരാള്‍ മാത്രം വ്യക്തമായ ധാരണയോടെ റബ്ബര്‍ മരങ്ങളുടെ പ്ലാറ്റ്ഫോം ചാടിക്കടന്നു മുകളില്‍നിന്നും ഓടിവന്നു ആരോടും ഒന്നും ചോദിക്കാതെ, പറയാതെ കിണറ്റിലെ കയറില്‍തൂങ്ങി ഇരുട്ട്നിറഞ്ഞ ആഴമുള്ള കിണറ്റിന്റെ അഗാധതയിലേക്ക് ചാടി. മുകളില്‍ നിന്നവര്‍ കെട്ടിയിറക്കിയ വലിയ കുട്ടയില്‍ കുഞ്ഞ് ആബിദയെ കയറ്റിവിട്ടു . പിന്നാലെ ആ ധൈര്യശാലിയും!

കൂടിനിന്ന ധൈര്യമില്ലാത്ത ആണ്‍പരിഷകളെ നോക്കി കുറെ ശകാരങ്ങളും പൊഴിച്ച് ആ സാഹസികന്‍ വന്ന വഴിയിലേക്ക് തിരിച്ചു നടന്നു . ആളുകള്‍പിരിഞ്ഞു പോയപ്പോള്‍ കൂടെ ഞങ്ങളും. വീട്ടിലെത്തിയിട്ടും എന്റെ ചിന്തകള്‍ മുഴുവന്‍ ആ സാഹസികനെ കുറിച്ചായിരുന്നു. അടയാളങ്ങളും രൂപവും പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു അത് കാവുവിളയിലെ ഇക്കയാവും എന്ന്.

ഗതകാലത്തിന്റെ സ്മരണകള്‍ എന്റെ മനസ്സിന്റെ ഇടനാഴിയിലൂടെ നേര്‍ത്ത പ്രകാശമായി അരിച്ചിരങ്ങുമ്പോള്‍ മങ്ങിയ പ്രകാശത്തില്‍ കണ്ട കാഴ്ചപോല്‍ പലതും അവ്യക്തമായിരുന്നു. ഉറച്ച കാല്‍വെപ്പുമായി കുന്നുകയറി പോകുന്ന ധൈര്യശാലിയായ ആ മനുഷ്യനും, ഭയന്ന് കരഞ്ഞുതളര്‍ന്ന ആബിദയെ മടിയില്‍കിടത്തി നിലവിളിയോടെ പടച്ചോനെ സ്തുതിക്കുന്ന ആബിദയുടെ ഉമ്മയും...