Sunday, 28 August 2011

പ്രവാസത്തില്‍ ആദ്യത്തെ പെരുന്നാള്‍

വീണ്ടും ഒരു പെരുന്നാള്‍ ["ഈദുല്‍ ഫിതര്‍ "]ഓരോരുത്തരും സന്തോഷത്തോടെ ആ നിമിഷങ്ങളെ വരവേല്‍ക്കുമ്പോഴും കഴിഞ്ഞു പോയ ഒരു പാട് പെരുന്നാള്‍ സുദിനങ്ങളുടെ സന്തോഷത്തിന്റെ നിമിഷങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ ആയിരിക്കും ഒട്ടു മിക്കവരും .
പ്രവാസത്തില്‍ ആദ്യത്തെ പെരുന്നാള്‍. അതായിരുന്നു.പിന്നീടുണ്ടായിരുന്ന ഓരോ അവധി ദിവസങ്ങളും ഒരു യാത്രക്ക് വേണ്ടി എനിക്ക് പ്രേരണ നല്‍കിയത്.വെറുതെ ഒരു യാത്രയല്ല . അബുദാബി നഗരമധ്യത്തില്‍ നിന്നും വടക്കന്‍
എമിരേറ്റുകളിലേക്ക് കുന്നും മലയും താണ്ടി ഹത്ത ,ദിബ്ബ ,മസാഫി ,കോര്ഫുകാന്‍ ,ഫുജൈറ ,റാസല്‍ ഖൈമ ,അജ്മാന്‍ ,ഷാര്‍ജ , ദുബായ് ,അല്‍ ഐന്‍ ,വഴി വീണ്ടും അബുദാബിയില്‍ . റമളാന്‍ അവസാനത്തെ ദിവസം ഈദിന്റെ
അറിയിപ്പ് ലഭിച്ച ഉടനെ തട്ടിക്കൂട്ടിയ യാത്രയായിരുന്നു ആദ്യം .എത്ര സമയം വേണമെങ്കിലും സാഹസികം എന്ന് തോന്നുന്ന രീതിയില്‍ ഡ്രൈവിംഗ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന എന്‍റെ സ്നേഹിതന്‍ നസീര്‍ തന്നെയായിരുന്നു ആദ്യമായുള്ള
ആ യാത്രയിലും കൂട്ട്. കൂട്ടത്തില്‍ അനുഭവങ്ങളുടെ അറിവും.അര്‍ത്ഥവത്തായ നര്‍മ്മങ്ങളും ഒക്കെ പങ്കു വച്ചു ജലീല്‍ ,ഉസ്മാന്‍ ,എന്നീ കൂട്ടുകാരും .

രാത്രിയിലെ കൂരിരുട്ടും വഴിവിളക്കിന്റെ പ്രകാശവും കണ്ട് ഏറെ നേരത്തെ യാത്രക്കൊടുവില്‍ ഹത്തയോട് അടുത്ത ഒരു നമസ്കാര പള്ളിയുടെ സമീപത്തായി രാത്രി രണ്ടു മണിയോടെ കാര്‍ നിര്‍ത്തി സീറ്റുകള്‍ നിവര്‍ത്തി നാലുപേരും ഒരു ചെറു മയക്കത്തിനായി തയ്യാറെടുത്തു എപ്പോഴോ ഞാനും ഉറങ്ങി .ഇരുളില്‍ നിന്നെങ്ങോ ഒരു പൂവന്‍ കോഴിയുടെ ഉച്ചത്തിലുള്ള കൂവല്‍ കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് .മറ്റുള്ളവരും അത് കേട്ടു പക്ഷെ അവര്‍ക്ക് അത് വേറിട്ട ഒരനുഭവം തന്നെയായിരുന്നു . കോഴിയുടെ കൂവല്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നാട്ടില്‍ വച്ചു കേട്ട അനുഭവം മാത്രമായിരുന്നു അവരെ അത്ഭുതപ്പെടുത്താന്‍ കാരണം . എല്ലാവരും പ്രഭാത നമസ്കാരവും കഴിഞ്ഞു മലയാളിയായ അവിടുത്തെ ഇമാമിന്റെ അനുവാദത്തോടെ അവിടുന്ന് തന്നെ കുളിച്ചു പുതു വസ്ത്രങ്ങളും ധരിച്ചു പോകാന്‍ ഒരുങ്ങവേ അബുദാബിയില്‍ നിന്ന് വന്നവരെ സല്കരിക്കാതെ വിടുകയോ എന്ന ചോദ്യവുമായി ഇമാം ചായയുമായി വന്നു. സന്തോഷത്തോടെ ചായയും കുടിച്ചു സലാം പറഞ്ഞു വീണ്ടും യാത്ര. രണ്ടു ഈദു ഗാഹുകള്‍ പിന്നിട്ട് ഹത്ത താഴ്വരയിലെ വലിയ ഒരു ഈദു ഗാഹിലേക്ക് ...അവിടെ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞു വീണ്ടും യാത്ര. ആകാശം മുട്ടി നില്‍ക്കുന്ന കുന്നുകള്‍ കാണുമ്പോള്‍ അതിന്റെ നെറുകയില്‍ ഒന്ന് കയറുക തന്നെ എന്ന് പറഞ്ഞു കഴിയുന്നത്ര മുകളിലേക്ക് വലിഞ്ഞു കയറുന്ന നസീര്‍.. ഒപ്പം മറ്റു രണ്ട് പേരും . ചെങ്കുത്തായ കുന്നുകള്‍ക്കു മുകളില്‍ ഇളകി വീഴുമെന്ന പോല്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് അതി സാഹസികമായി അവര്‍ പിടിച്ചു കയറി .ഭയം കൂടെ പിറപ്പായത് കൊണ്ട് ആഗ്രഹമുണ്ടെങ്കിലും എനിക്കതിനു കഴിഞ്ഞില്ല .

വീണ്ടും- പൊടിഞ്ഞു ഉതിര്‍ന്നു വീഴുമെന്നു തോന്നിക്കുമാറുള്ള പാറകള് ‍നിറഞ്ഞ കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞു ചുറ്റി കിടക്കുന്ന പാതയിലൂടെ താഴ്വാരങ്ങളും, കൂട്ടം കൂട്ടമായി മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റങ്ങളും, കൂട്ടം തെറ്റി നടന്നു നീങ്ങുന്ന ഒട്ടകങ്ങളും, അങ്ങിങ്ങായി കഴുതകളും, മേഞ്ഞു നടക്കുന്ന പശുക്കളും, ഒക്കെ കണ്മുന്നിലെ കാഴ്ചകളായി കണ്ട് മറഞ്ഞു വീണ്ടും യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു .


അങ്ങകലെ കുന്നിന്‍ ചെരിവിലായി പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടം കണ്ടപ്പോള്‍ അവിടെ എത്താന്‍ ശ്രമിക്കാതിരുന്നില്ല .കല്ലുകള്‍ നിറഞ്ഞ പാത താണ്ടി വാഴയും, പപ്പായയും ,കാബേജും,തണ്ണിമത്തനും, ഒക്കെ കൃഷി ചെയ്യുന്ന അവിടുത്തെ മനോഹരമായ ആ കാഴ്ച കണ്ടപ്പോള്‍ ആ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഞങ്ങളുടെ ക്യാമറകളും തയ്യാറെടുത്തു . ആ സന്ദര്‍ശനം ഞങ്ങളെക്കാള്‍ സ്ന്തോഷത്തിലാക്കിയത് അവിടെ ഉണ്ടായിരുന്ന ബംഗ്ലാദേശി സ്വദേശികളായ ജോലി ക്കാരെ ആയിരുന്നു . കൃഷിയിലും ആട് വളര്‍ത്തലിലും മാത്രം ശ്രദ്ധിച്ചു ഒറ്റപ്പെട്ടു- ഒരു പക്ഷെ മുതലാളിയുടെ പീഡനങ്ങളും അനുഭവിക്കുന്നതിന്റെ ഇടയില്‍ കുശലം പറയാന്‍ ലഭിച്ച അവസരം അവരെ അങ്ങേ അറ്റം സന്തോഷിപ്പിച്ചു എന്ന് അവരുടെ മുഖ ഭാവത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു പെരുന്നാളിന്റെ സന്തോഷം ഒരല്പ നേരം അവരുമായും പങ്കിട്ടു .പഴുത്തു നിന്ന പപ്പായയും മാങ്ങയും ഞങ്ങള്‍ക്കായി അവര്‍ പൊട്ടിച്ചു തന്നു. അവരോടൊപ്പം ഒരു ഫോട്ടോ പോസ്സിങ്ങും നടത്തി വീണ്ടും യാത്ര തുടങ്ങി .


വഴിയില്‍ കണ്ട ഒരു കടയില്‍ നിന്നും ഭക്ഷണവും കഴിച്ചു വഴിയരികില്‍ ളുഹറും നമസ്കരിച്ചു .എതിരെ ചീറി പാഞ്ഞു പോകുന്ന
ചുരുക്കം ചില ഫോര്‍ വീല്‍ ഡ്രൈവുകള്‍ ഒഴിച്ചാല്‍ റോഡുകള്‍ വിജനമായിരുന്നു .അമിത വേഗതയില്‍ അല്ലെങ്കിലും.. അപകടങ്ങള്‍ പതിയിരിക്കുന്ന പാതകള്‍ പിന്നിലാക്കി പോകവേ പാതയോരത്ത് നിന്നും അനേക അടി താഴ്ചയുള്ള കുന്നിന്‍ ചെരിവിലേക്ക് മറിഞ്ഞു കത്തി നശിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങളും ദൂരെ താഴ്വരത്തായി കണ്ടു .

മലകള്‍ക്ക് അടിയിലോടെയുള്ള തുരംഗങ്ങളും, ദിബ്ബയിലെ കുന്നിന്‍ മുകളിലെ ചൂട് വെള്ളത്തിന്റെ ഉറവയും , റഅസല്‍ ഖൈമയിലെ മ്യുസിയവും , കോര്ഫുകാനിലെ കടല്‍ തീരവും ,ഖല്ബയിലെ പുരാതനമായ പള്ളിയും കണ്ടു അവിടെ നിന്നും അസറും നമസ്കരിച്ചു വീണ്ടും യാത്ര . പടിഞ്ഞാറ് സൂര്യന്‍ അസ്തമനത്തിനു തയ്യാറെടുക്കുമ്പോള്‍ മഅരിബ് നമസ്കാരത്തിന് ഒരു പള്ളിയെ ലക്ഷ്യമാക്കി ഞങ്ങളും നീങ്ങി ഒടുവില്‍ വഴിയരികിലായി കണ്ട പള്ളിയില്‍ നമസ്കാരവും നടത്തി പുറത്തിറങ്ങിയപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ജരാ നരകള്‍ ബാധിച്ചുവെങ്കിലും ഈമാനിന്റെ പ്രകാശം മുഖത്ത് വിരിയിച്ചു ആ നാട്ടുകാരായ നാല് കൂട്ടുകാര്‍ . അവരും നമസ്കാരം കഴിഞ്ഞു കുശലം പറയുവാന്‍ ഒരുമിച്ചു കൂടിയവരാണ്‌ അവരെ കണ്ടപ്പോള്‍ ഹസ്ത ദാനത്തിന്റെ ശ്രേഷ്ഠതയും പറഞ്ഞു നസീര്‍ ആദ്യമായി അവരെ ഹസ്തദാനം ചെയ്തു പിന്നെ പിന്നെ ഞങ്ങള്‍ ഓരോരുത്തരും .പിന്നീട് അവര്‍ ഞങ്ങളോട് വിവരങ്ങള്‍ ചോദിക്കാന്‍ തുടങ്ങി .

കേരളക്കാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ വാചാലരായി ." നഅരിഫു കേരള വ കാലികൂത് .നകൂനു യദ്ഹബ് ഇലാ കാലികൂത് ലിത്തിജാറാത്തി ഖബ്- ല സമാന്‍ " [ഞങ്ങള്‍ കേരളയും കോഴിക്കോടും അറിയും .
കുറെ കാലം മുന്പ് കച്ചവടത്തിന് വേണ്ടി ഞങ്ങള്‍ കോഴിക്കോട് പോകുന്നവര്‍ ആയിരുന്നു .]

പിന്നെയും അവര്‍ നമ്മുടെ നാടിനെ കുറിച്ച് സംസാരിച്ചു .ഇന്ത്യന്‍ നാണയങ്ങള്‍ യു .എ .ഇ .ഉപയോഗിച്ചിരുന്ന കാര്യങ്ങളും ഒക്കെ അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. പ്രവാസത്തിലെ ആദ്യത്തെ ഈ യാത്രയില്‍ എനിക്ക് എല്ലാം വെത്യസ്തമായ അനുഭവം ആയിരുന്നു . അവരുമായി സലാം ചൊല്ലി വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.ദുബായ് വഴിയാണെങ്കിലും സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചില്ല .

ഇനിയുള്ള ഞങ്ങളുടെ ലക്‌ഷ്യം അല്‍ ഐനിലെ ജബല്‍ ഹഫീത്ത് എന്ന ഭീമാകാരമായ മലയായിരുന്നു രാത്രി അല്പം വൈകിയെങ്കിലും ഞങ്ങള്‍ അവിടെ എത്തി. ആകാശം മുട്ടി നില്‍ക്കുന്ന ആ മലയുടെ മുകള്‍ അറ്റം വരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കുത്തനെയുള്ള പാതയില്‍ നിരന്നു നില്‍ക്കുന്ന വഴി വിളക്കുകള്‍ ദൂര കാഴ്ചയില്‍ പോലും അതീവ മനോഹര ദ്രിശ്യമായിരുന്നു ഇത്രയും ഉയരത്തിലേക്ക് കയറുക എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ഭയം തോന്നി എങ്കിലും മലയുടെ നെറുകയില്‍ എത്തി കാര്‍ പാര്‍ക്ക്‌ ചെയ്തപ്പോള്‍ ആകാശം
താഴെയാക്കി ഞാന്‍ ആകാശത്തിനു മുകളില്‍ നില്‍ക്കുന്ന പോലെ തോന്നി പാരാവാരം പോലെ നാല് പാടും വാരി വിതറിയ നക്ഷത്ര കുഞ്ഞുങ്ങള്‍ മിന്നി തിളങ്ങുന്ന പോലെ അല്‍ ഐന്‍ സിറ്റി യും ആ നാടും മിന്നി
തിളങ്ങുകയായിരുന്നു
ആകാശത്തില്‍ തൊട്ടുരുമ്മി എന്നപോലെ നില്‍ക്കുന്ന ഈ ഭീമാകാരന്‍ കുന്നിനു മുകളില്‍ നില്‍ക്കുമ്പോഴും ഒരു സമ്മേളന നഗരിയില്‍ എത്തിപ്പെട്ട പ്രതീതിയും എനിക്ക് തോന്നാതിരുന്നില്ല
കാരണം ഈ രാത്രിയില്‍ ഇടതടവില്ലാതെ വരികയും പോകുകയും ചെയ്യുന്ന എണ്ണമറ്റ വാഹനങ്ങളും
കുന്നിന്‍ മുകളിലെ വലിയ മൈതാനത്ത് ഒരു മിച്ചു കൂടിയ അനേക ജനങ്ങളും എന്‍റെ ആശ്ച്ചര്യത്തിനു ആക്കം കൂട്ടി .അവര്‍ കൂട്ടം കൂട്ടമായി പലവിധ വിനോദങ്ങളിലും സമയം ചിലവഴിക്കുന്നു .അങ്ങിങ്ങായി കുട്ടികള്‍ ക്രിക്കറ്റ്‌ കളിയിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നു .ജനങ്ങളുടെ ആരവങ്ങളുടെ ഇടയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കവേ വാദ്യോപകരണങ്ങളുടെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു ഒരു കൂട്ടം പാകിസ്താനി സ്വദേശികള്‍ വലിയ ഒരു മെഹഫില്‍ സദസ്സ് തന്നെ ഒരുക്കിയിരിക്കുന്നു . മൈതാനത്തിന്റെ ഒരു കോണില്‍ ഒരു പരവതാനി വിരിച്ചു പുരാതനമായ കുറെ വാദ്യോപകരണങ്ങളും നിരത്തി വച്ചു കുറെ ആളുകള്‍ അവര്‍ക്ക് നടുവിലായി ഹാര്‍മോണി പെട്ടിയിലെ ബട്ടണുകളില്‍ വിരലമര്‍ത്തി മുഹമ്മദ്‌ റാഫിയുടെ ഗാനം ആലപിക്കുന്ന ഒരാള്‍ അയാള്‍ക്ക്‌ മുന്നില്‍ നിരന്നിരിക്കുന്ന സദസ്സ് എല്ലാം മറന്നു അതില്‍ ലയിച്ചിരിക്കുന്നു.ശെരിക്കും അവിടെ അവര്‍ ഒരു സംഗീത വിരുന്നു ഒരുക്കുകയായിരുന്നു .

സമയം പ്രഭാതത്തോട്‌ അടുക്കുന്നു പല കാഴ്ചകളും കണ്ടു നടന്നു ഉറക്കമില്ലാത്ത ഒരു കൂട്ടം ജനങ്ങളോട് ചേര്‍ന്നപ്പോള്‍ യാത്രാ ക്ഷീണത്തിന് ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല .എങ്കിലും കൂരിരുട്ടിന്റെ പശ്ചാത്തലത്തില്‍ കുറെ ഫോട്ടോസും ക്യാമറയില്‍ പതിപ്പിച്ചു അബുദാബിയിലേക്കുള്ള മടക്ക യാത്രക്ക് ഞങ്ങള്‍
തയ്യാറായി . ജബല്‍ ഹഫീത്ത് എന്ന മലയിറങ്ങി ഒരു ദിവസത്തെ വിശ്രമം ഇല്ലാത്ത യാത്രക്ക് വിരാമം കുറിച്ച് അബുദാബിയിലെ താമസ സ്ഥലത്ത് എത്തി ചേര്‍ന്നപ്പോഴും ഇനിയും ഒരു യാത്രക്ക് ഞാന്‍ തയ്യാര്‍ എന്ന ഭാവമായിരുന്നു സ്നേഹിതന്‍ നസീറിന്റെത് .അത് മനസ്സിലാക്കിയെന്നു അറിയിക്കുവാന്‍ ഞാന്‍ ഒരു വാചകം കടമെടുത്തു "സഫറോം കാ സിന്ദഗി കഭി നഹി ഖതം ഹോ ജാതീ ഹൈ"

ശരിയായിരുന്നു പതിമൂന്നു വര്‍ഷം മുന്പ് തുടങ്ങിയ യാത്ര ഇന്നും തീരാതെ തുടരുന്നു. മുന്പ് കണ്ട കാഴചകള്‍ വീണ്ടും കണ്ടും പുതിയ കാഴ്ചകള്‍ തേടി പിടിച്ചും പിന്നീട് എത്രയോ പെരുന്നാളുകള്‍ ഇതേ കൂട്ട് കെട്ടില്‍ ഏഴു എമിരേറ്റുകളും ചുറ്റി യാത്ര ചെയ്തിരിക്കുന്നു. . പക്ഷെ പിന്നീട് ഒരിക്കലും പള്ളിയുടെ പുറത്ത് കുശലം പറയാന്‍ ഒരുമിച്ചു കൂടുന്ന ആ നാല് വന്ദ്യ വയോധികരെ കാണാന്‍ കഴിഞ്ഞില്ല ഒരു പക്ഷെ കാലത്തിന്റെ പ്രയാണത്തില്‍ അവര്‍ ഈ ലോകം കഴിഞ്ഞുള്ള മറ്റൊരു ലോകത്തേക്ക് യാത്ര ആയിരിക്കും . "യാത്രകള്‍" അത് ഇനിയും അവശേഷിക്കുന്നു .

Sunday, 7 August 2011

"കള്ള് കുടിച്ച പ്രേതം"

ഒരു യാത്ര കഴിഞ്ഞുള്ള തിരിച്ചു വരവ്. വീട്ടിലേക്കെത്താന്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കാറുള്ള എളുപ്പ വഴിയിലൂടെ തന്നെയാണ് ഇന്നും എന്‍റെ യാത്ര. പക്ഷെ ഞാന്‍ ഒറ്റക്ക് അല്ല കാറിന്റെ ഉള്ളില്‍ സീറ്റുകള്‍ മാറി മാറി ഇരുന്നും പിന്‍ സീറ്റില്‍ നിന്നും ഗ്ലാസ്സിനുള്ളിലൂടെ പുറത്തേക്കു നോക്കി വേഗത്തില്‍ പിന്നിട്ട് ഓടി മറയുന്ന കാഴ്ചകളും കണ്ടു ആറു വയസുള്ള എന്‍റെ മോളും കൂട്ടിനുണ്ട് .

സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു വഴിവിളക്കുകള്‍ പ്രകാശം പരത്താന്‍ ഇല്ലാത്ത കൂരിരുട്ടു നിറഞ്ഞ ഇടുങ്ങിയ പാതയിലേക്ക് കാര്‍ തിരിഞ്ഞു ഇരു വശങ്ങളിലും വളര്‍ന്നു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ ഇരുട്ടിന്റെ കാഠി ന്യത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു .ബൈക്കില്‍ ഈ വഴിയുള്ള സഞ്ചാരം മുന്പ് പലപ്പോഴും എനിക്ക് അപകടങ്ങള്‍ വരുത്തി വച്ചിട്ടുണ്ട് . ബൈകിന്റെ ശബ്ദം കേട്ട് കൂട്ടമായും അല്ലാതെയും തെരുവ് നായ്ക്കളുടെ ആക്രമണം അതില്‍ നിന്നും ഒരു കണക്കിനാണ് പലപ്പോഴും ഞാന്‍ രക്ഷ പെട്ടിട്ടുള്ളത് .

ഇന്നും ചില ശുനകന്‍മാര്‍ കുരച്ചു കൊണ്ട് കാറിനു പിറകെ ഓടി അപ്പോഴൊക്കെ "അതിനെ തോല്‍പ്പിക്കു വാപ്പാ" എന്ന മോളുടെ കമന്റ്‌ കൂടെയുണ്ടാവും. മുന്‍പില്‍ കാണുന്ന വാഹനങ്ങളെയൊക്കെ ഞാന്‍ തോല്‍പ്പിച്ചു പിന്നിലാക്കണം അത് അടുത്ത കാലത്തായി ഉണ്ടായ അവളുടെ പുതിയ നിര്‍ബന്ധമാണ്‌.

കോണ്‍ക്രീറ്റ് ചെയ്ത കുത്തനെയുള്ള ഇറക്കം ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഹെഡ് ലൈറ്റിന്റെ ശക്തമായ വെളിച്ചത്തില്‍ ഞാന്‍ അത് കണ്ടത്.. റോഡിന്‍റെ മധ്യത്തില്‍ ഒറ്റയ്ക്ക് ഒരാള്‍ അതും ജനവാസമില്ലാത്ത കൂരിരുട്ടു നിറഞ്ഞ ഈ സ്ഥലത്ത് .വാഹനത്തിനെ സാന്നിധ്യം അറിഞ്ഞിട്ടും വഴിമാറാതെ അയാള്‍ നടന്നടുത്തു ഇറക്കത്തില്‍ ഞാന്‍ കാര്‍ ബ്രേക്ക് ചെയ്തു നിര്‍ത്തി അയാള്‍ മദ്യപിചിരിക്കും എന്ന് എന്ന് എനിക്ക് തോന്നി . ഇടറുന്ന കാലുകളില്‍ നടന്നു കയറി രണ്ടു ഹെഡ് ലൈറ്റുകളുടെ നടുവിലായി അയാള്‍ നിന്നുകൊണ്ട് ബോണറ്റില്‍ ശക്തമായി അടിച്ചു കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പതിയെ ഒഴിഞ്ഞു മാറി .

മോള്‍ ചോദിച്ചു ആരാ അത്? ഞാന്‍ പറഞ്ഞു "കള്ള് കുടിച്ച പ്രേതം" പ്രേതമോ അതെന്താ ? മോള്‍ക്ക്‌ സംശയം . ഞാന്‍ കാര്‍ മുന്നോട്ടു എടുത്തപ്പോള്‍ ശക്തമായി രണ്ടാമത്തെ അടി പിറകിലെ ബോഡിയില്‍. എന്നിട്ട് നോക്കി നില്‍ക്കുന്നു . ഇയാളെ ഒന്ന് പേടിപ്പിക്കാം എന്ന് ഞാനും കരുതി റിവേര്‍സ് ഗിയര്‍ ഇട്ടപ്പോള്‍ ‍അയാള്‍ നടക്കാന്‍ തുടങ്ങി കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ അയാളുടെ നടത്തത്തിനു വേഗത കൂടി കാര്‍ വേഗത്തിലായപ്പോള്‍ അയാള്‍ ഓടാന്‍ തുടങ്ങി .മോളുടെ കമന്റ്‌ വന്നു "വാപ്പാ ദേ പ്രേതം ഓടുന്നു " കാര്‍ അടുത്തെത്തും എന്ന അവസ്ഥയില്‍ അയാള്‍ കുറ്റിക്കാടിനുള്ളിലേക്ക് എടുത്തു ചാടി ഓടി എങ്ങോ മറഞ്ഞു.കാറിന്റെ ഹെഡ് ലൈറ്റുകളുടെ പ്രകാശത്തില്‍ ഞാന്‍ അയാളെ തിരഞ്ഞു പക്ഷെ കാണാന്‍ കഴിഞ്ഞില്ല .
അപ്പോഴേക്കും ഞാന്‍ ചിന്തിച്ചു അത് യഥാര്‍ത്ഥ പ്രേതം തന്നെയാണോ ..ഏയ്‌ അല്ല. അത് വെറും കെട്ടു കഥയല്ലേ ?

എന്തായാലും വീട്ടിലെത്തിയപ്പോള്‍ മോള്‍ക്ക്‌ പറയാന്‍ ഒരു കഥ കൂടിയായി. കുടിയന്‍ പ്രേതത്തെ ഓടിച്ച കഥ

Friday, 1 July 2011

എഴുതുവാന്‍ കഴിയാതെ വന്നപ്പോള്‍ ....

എഴുതുവാന്‍ ഒന്നുമില്ല എന്ന തോന്നല്‍ ഉടലെടുത്തപ്പോള്‍ ഞാന്‍ ... എന്തൊക്കെയോ എഴുതണം എന്ന ഭാവം കാണിച്ച പേനയെ തിരികെ ഉടുപ്പിന്റെ കീശയില്‍ തിരുകി . ഇന്നും ഞാന്‍ എഴുതപ്പെടില്ല എന്ന തോന്നല്‍ കൊണ്ടാവാം മേശ വിരിപ്പിന്റെ മുകളില്‍ സ്ഥാനം പിടിച്ച കടലാസുകള്‍ കാറ്റില്‍ ഇളകി പറന്നു ഒന്നല്ല കുറെയേറെ കടലാസുകള്‍. എല്ലാം പെറുക്കി അടുക്കി വച്ചു . കുറെ കാലം മുന്പ് എഴുതിവച്ച എന്‍റെ ഡയറികളില്‍ ഒന്നെടുത് വെറുതെ പേജുകള്‍ മറിച്ചു .നാട്ടില്‍ ഉരുള്‍ പൊട്ടല്‍ നാശം വിതച്ച നാളുകള്‍ കവിതപോലെ എഴുതിയിട്ട വരികള്‍ ഇങ്ങനെ തുടങ്ങുന്നു
"ഭൂമിതന്‍ നൊമ്പരം "
ഓര്‍ക്കുമോ നീ എന്നെ ഒരു വേളയെങ്കിലും
നിന്‍ ഭാരം ചുമക്കുന്ന ഭൂമിയാമെന്റെ
ഹൃദയാന്തരാളത്തില്‍ നിന്നുമുയിര്‍ കൊള്ളും
ഗദ്ഗധം കേള്‍ക്കുമോ ...നീ ഒരു നിമിഷമെങ്കിലും
മണ്ണില്‍ നിന്നുയിര്‍ കൊണ്ട മനുഷ്യ ശരീരമേ
ഒരു നാളില്‍ എന്‍ മടിത്തട്ടില്‍ പിറന്ന -നിന്‍
നിസ്സഹായത കണ്ടു ഞാന്‍ നിന്നെ നീയാക്കി
അന്ന് സ്നേഹിച്ചു നീ എന്നെ അഗാധമായി
വര്‍ണ്ണനാതീതമാം സൌന്ദര്യമെന്നു -നീ
എന്‍റെ അഴകിനെ പാടി പുകഴ്ത്തി
നിന്‍ കഥകളില്‍ കവിതകളിലോക്കെയും
എന്‍ പ്രകൃതി ഒരു സ്ഥിരം അധിതിയായ്
ഹരിത വൃക്ഷങ്ങളെന്നെ സൌന്ദര്യ വതിയാക്കി
പുഴകളും നദികളും എന്‍ വിരിമാറിലൂടെ
ഒഴുകി എന്‍ മണ്ണിനെ നനവുള്ളതാക്കി
ആടാതെ ഉലയാതെ ഉറപ്പിച്ചു നിര്‍ത്തിയ
പര്‍വതങ്ങളും എന്നിലുണ്ടായിരുന്നു
എന്നോ ഒരിക്കല്‍ ഭ്രാന്തനായ് മാറി -നീ
എന്‍ വിരി മാറില്‍ താണ്ടവമാടി
എന്നെ ഉറപ്പിച്ചു നിര്‍ത്തിയ പര്‍വതങ്ങള്‍
നിന്‍ ബാലിഷ്ടമാം കരങ്ങളാല്‍ തകര്‍ത്തുടച്ചു
എന്നിലുടൊഴുകിയ പുഴകളിന്‍ തെളിനീരിനെ
കാഠിന്യ വിഷമയം ഉള്ളതാക്കി
പച്ച പുതച്ച എന്നിലെ വൃക്ഷങ്ങളെ വെട്ടിയെറിഞ്ഞു
എന്‍ മണ്ണിനെ നീ ഇന്ന് തരിശാക്കി മാറ്റി
ഒക്കെയും പരിണിത ഭലമായി ഇന്ന് ഞാന്‍-
ഭൂകമ്പങ്ങളുടെ വിളനിലമാകുന്നു
എല്ലാം കണ്ടിട്ടും കാണാതെ ഗമിക്കുന്നു ഭ്രാന്തമായി വീണ്ടും നീ എന്നിലൂടെ
സ്വയം നശിക്കുവാന്‍ നാശം വിതക്കുന്നു
മണ്ണിന്റെ മണമുള്ള മനുഷ്യ ശരീരമേ ..

Friday, 14 January 2011

അക്ഷരങ്ങളുടെ സഹയാത്രികന്‍.ഞാന്‍ അബുദാബിയില്‍വെച്ച് കണ്ടുമുട്ടിയതാണ് അദ്ദേഹത്തെ. വളരെ അവിചാരിതമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. കാരണം അയാള്‍ എനിക്ക് അപരിചിതനായിരുന്നു. പള്ളിയില്‍ നിന്നും അസര്‍നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ സലാംപറഞ്ഞു ഹസ്തദാനം ചെയ്തു. പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ കണ്ടു മുട്ടി .

ഒരിക്കല്‍ ഞാന്‍ പേര് ചോദിച്ചു.

"ഐഫെര്‍ ഉബെഹ്സ്"

മലയാളിയാണ്. അത് കൊണ്ട് തന്നെ ആ പേര് കേട്ട് ഞാന്‍ ഞെട്ടി; അത്ഭുതപ്പെട്ടു!
ആദ്യമായി കേള്‍ക്കുന്ന ഒരു നാമം!
ഈജിപ്തില്‍ ജീവിച്ച ഒരു പ്രശസ്തനായ എഴുത്തുകാരന്റെ പേരാണ് ഇതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞു.
എഴുത്തുകാരന്‍ എന്ന നിലയില്‍ മകന്‍ പ്രശസ്തനാവനം എന്ന ആഗ്രഹവുമായി അയാളുടെ ബാപ്പയിട്ട പേരാണത്രേ അത് . അതിന്റെ പൂര്‍ത്തീകരണം ആഗ്രഹിച്ചു ആവണം അയാളും എഴുത്തിന്റെ ലോകത്തേക്ക് നടന്നു കയറിയത്.

ഇപ്പോഴും അയാള്‍ ആരും അറിയപ്പെടാത്ത ഒരു എഴുത്തുകാരനാണ്! പക്ഷെ അറിയപ്പെടാന്‍ ശ്രെമിക്കുന്നുമില്ല!
പലപ്പോഴായി എഴുതി കൂട്ടിയ കവിതകളും കഥകളും അയാളുടെ കാറില്‍ സൂക്ഷിച്ചിട്ടുണ്ട്.
ചിലപ്പോള്‍ കവിതകളുടെ ലോകം. ചിലപ്പോള്‍ കഥകള്‍ മെനഞ്ഞെടുക്കുന്ന തിരക്കില്‍. പല സ്ഥാപനങ്ങളില്‍ പല ജോലികള്‍ ചെയ്തു.പക്ഷെ ഉറക്കവും വിശ്രമവും എഴുത്തും എല്ലാം തന്‍റെ കാറിനുള്ളില്‍!

പലപ്പോഴും ഒരു പാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നിട്ടുണ്ട്. ലോകത്തിലെ പല സംഭവങ്ങളെ കുറിച്ചും;
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളെ നോക്കിയും മരുഭൂവിലെ പച്ചപ്പിനെ ചൂണ്ടിയും പ്രക്ര്തിയോട് ചേര്‍ന്നു നിന്ന്
സാഹിത്യത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് വാചാലനാകും. ആകാശത്തിലെ മേഖക്കൂട്ടങ്ങളെ നോക്കി കവിത ചൊല്ലും കണ്ണില്‍ കാണുന്നതൊക്കെയും ഐഫെര്‍ ഉബെഹ്സ് എന്ന അറിയപ്പെടാത്ത എഴുത്തുകാരന്റെ സാഹിത്യ ഭാവനയില്‍ കവിതകളും കഥകളുമായി രൂപം പ്രാപിക്കും .

എന്ത് കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ താങ്കള്‍ ശ്രെദ്ധിക്കപ്പെട്ടില്ല എന്ന എന്‍റെ ചോദ്യത്തിനു പെട്ടെന്ന് മറുപടി വന്നു:

"എന്തിനു വേണ്ടി ഞാന്‍ ശ്രെദ്ധിക്കപ്പെടണം ? എന്നെപ്പോലെ ലോകം അറിയപ്പെടാതെ എത്രയോ എഴുത്തുകാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്നും എത്രയോപേര്‍ ജീവിച്ചിരിക്കുന്നു. മലയാള ഭാഷക്ക് എന്‍റെ കൃതികള്‍ ഒരു മുതല്‍കൂട്ട് ആകുന്നെങ്കില്‍ ഞാന്‍ തൃപ്തനാണ്"

ഞാന്‍ ചിന്തിച്ചു... ശെരിയാണ് എത്രയോ എഴുത്തുകാര്‍.. അവരുടെ ഒക്കെ തൂലികയില്‍ നിന്നും ജന്മമെടുത്ത എത്രയോ സാഹിത്യ സൃഷ്ടികള്‍ വെളിച്ചം കാണാതെ ....ഒടുവില്‍ എല്ലാം ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു സാഹിത്യവും എഴുത്തും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.

അസ്തമന സൂര്യന്റെ നിറങ്ങള്‍ക്ക് സാഹിത്യത്തില്‍ ചാലിച്ച കാവ്യഭംഗി നല്‍കി ഉബെഹ്സ് ചൊല്ലുന്ന കവിതകള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള കുറേ സായാഹ്നങ്ങള്‍ എന്നോടൊപ്പം ഉബെഹ്സ് ഉണ്ടായിരുന്നു.... പിന്നീടെപ്പോഴോ നിഗൂഡതകള്‍ ബാക്കിയാക്കി കാണാമറയത്തിലേക്ക് ഒളിക്കുകയായിരുന്നു ഉബെഹ്സ്..!

വളരെ നാളുകള്‍ക്കു ശേഷം....ഇന്ന് ഓര്‍മ്മകളുടെ പത്തായ ചെപ്പില്‍ ഏതോ ഒരറ്റത്ത് മാറാലകളില്‍ കുടുങ്ങിക്കിടന്ന ഉബെഹ്സിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജീവന്‍ തുടിച്ചു. കാരണം എഴുത്തിന്റെ ലോകത്തേക്ക് എന്നെ ക്ഷണിക്കുകയും അക്ഷരങ്ങളുടെ കൂട്ടുകാരന്‍ ആകാന്‍ എന്നെ പ്രേരിപ്പിക്കയും അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന വാക്കുകള്‍ക്കു കൊടും കാറ്റിനെക്കാള്‍ ശക്തിയുണ്ടെന്നും വാളിനേക്കാള്‍ മൂര്‍ച്ചയേറുമെന്നും എന്നെ ഓര്‍മ്മിപ്പിച്ചത് ഐഫെര്‍ ഉബെഹ്സ് ആയിരുന്നു.

ഇന്ന് ബൂലോത്തൂടെ യാത്രചെയ്യുമ്പോള്‍, എഴുതുമ്പോള്‍, അക്ഷരങ്ങളെ എനിക്ക് കൂട്ടുകാരനാക്കിത്തന്ന അദ്ദേഹത്തെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ?