Showing posts with label അനുഭവം.. Show all posts
Showing posts with label അനുഭവം.. Show all posts

Friday, 14 January 2011

അക്ഷരങ്ങളുടെ സഹയാത്രികന്‍.



ഞാന്‍ അബുദാബിയില്‍വെച്ച് കണ്ടുമുട്ടിയതാണ് അദ്ദേഹത്തെ. വളരെ അവിചാരിതമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. കാരണം അയാള്‍ എനിക്ക് അപരിചിതനായിരുന്നു. പള്ളിയില്‍ നിന്നും അസര്‍നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ സലാംപറഞ്ഞു ഹസ്തദാനം ചെയ്തു. പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ കണ്ടു മുട്ടി .

ഒരിക്കല്‍ ഞാന്‍ പേര് ചോദിച്ചു.

"ഐഫെര്‍ ഉബെഹ്സ്"

മലയാളിയാണ്. അത് കൊണ്ട് തന്നെ ആ പേര് കേട്ട് ഞാന്‍ ഞെട്ടി; അത്ഭുതപ്പെട്ടു!
ആദ്യമായി കേള്‍ക്കുന്ന ഒരു നാമം!
ഈജിപ്തില്‍ ജീവിച്ച ഒരു പ്രശസ്തനായ എഴുത്തുകാരന്റെ പേരാണ് ഇതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞു.
എഴുത്തുകാരന്‍ എന്ന നിലയില്‍ മകന്‍ പ്രശസ്തനാവനം എന്ന ആഗ്രഹവുമായി അയാളുടെ ബാപ്പയിട്ട പേരാണത്രേ അത് . അതിന്റെ പൂര്‍ത്തീകരണം ആഗ്രഹിച്ചു ആവണം അയാളും എഴുത്തിന്റെ ലോകത്തേക്ക് നടന്നു കയറിയത്.

ഇപ്പോഴും അയാള്‍ ആരും അറിയപ്പെടാത്ത ഒരു എഴുത്തുകാരനാണ്! പക്ഷെ അറിയപ്പെടാന്‍ ശ്രെമിക്കുന്നുമില്ല!
പലപ്പോഴായി എഴുതി കൂട്ടിയ കവിതകളും കഥകളും അയാളുടെ കാറില്‍ സൂക്ഷിച്ചിട്ടുണ്ട്.
ചിലപ്പോള്‍ കവിതകളുടെ ലോകം. ചിലപ്പോള്‍ കഥകള്‍ മെനഞ്ഞെടുക്കുന്ന തിരക്കില്‍. പല സ്ഥാപനങ്ങളില്‍ പല ജോലികള്‍ ചെയ്തു.പക്ഷെ ഉറക്കവും വിശ്രമവും എഴുത്തും എല്ലാം തന്‍റെ കാറിനുള്ളില്‍!

പലപ്പോഴും ഒരു പാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നിട്ടുണ്ട്. ലോകത്തിലെ പല സംഭവങ്ങളെ കുറിച്ചും;
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളെ നോക്കിയും മരുഭൂവിലെ പച്ചപ്പിനെ ചൂണ്ടിയും പ്രക്ര്തിയോട് ചേര്‍ന്നു നിന്ന്
സാഹിത്യത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് വാചാലനാകും. ആകാശത്തിലെ മേഖക്കൂട്ടങ്ങളെ നോക്കി കവിത ചൊല്ലും കണ്ണില്‍ കാണുന്നതൊക്കെയും ഐഫെര്‍ ഉബെഹ്സ് എന്ന അറിയപ്പെടാത്ത എഴുത്തുകാരന്റെ സാഹിത്യ ഭാവനയില്‍ കവിതകളും കഥകളുമായി രൂപം പ്രാപിക്കും .

എന്ത് കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ താങ്കള്‍ ശ്രെദ്ധിക്കപ്പെട്ടില്ല എന്ന എന്‍റെ ചോദ്യത്തിനു പെട്ടെന്ന് മറുപടി വന്നു:

"എന്തിനു വേണ്ടി ഞാന്‍ ശ്രെദ്ധിക്കപ്പെടണം ? എന്നെപ്പോലെ ലോകം അറിയപ്പെടാതെ എത്രയോ എഴുത്തുകാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്നും എത്രയോപേര്‍ ജീവിച്ചിരിക്കുന്നു. മലയാള ഭാഷക്ക് എന്‍റെ കൃതികള്‍ ഒരു മുതല്‍കൂട്ട് ആകുന്നെങ്കില്‍ ഞാന്‍ തൃപ്തനാണ്"

ഞാന്‍ ചിന്തിച്ചു... ശെരിയാണ് എത്രയോ എഴുത്തുകാര്‍.. അവരുടെ ഒക്കെ തൂലികയില്‍ നിന്നും ജന്മമെടുത്ത എത്രയോ സാഹിത്യ സൃഷ്ടികള്‍ വെളിച്ചം കാണാതെ ....ഒടുവില്‍ എല്ലാം ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു സാഹിത്യവും എഴുത്തും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.

അസ്തമന സൂര്യന്റെ നിറങ്ങള്‍ക്ക് സാഹിത്യത്തില്‍ ചാലിച്ച കാവ്യഭംഗി നല്‍കി ഉബെഹ്സ് ചൊല്ലുന്ന കവിതകള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള കുറേ സായാഹ്നങ്ങള്‍ എന്നോടൊപ്പം ഉബെഹ്സ് ഉണ്ടായിരുന്നു.... പിന്നീടെപ്പോഴോ നിഗൂഡതകള്‍ ബാക്കിയാക്കി കാണാമറയത്തിലേക്ക് ഒളിക്കുകയായിരുന്നു ഉബെഹ്സ്..!

വളരെ നാളുകള്‍ക്കു ശേഷം....ഇന്ന് ഓര്‍മ്മകളുടെ പത്തായ ചെപ്പില്‍ ഏതോ ഒരറ്റത്ത് മാറാലകളില്‍ കുടുങ്ങിക്കിടന്ന ഉബെഹ്സിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജീവന്‍ തുടിച്ചു. കാരണം എഴുത്തിന്റെ ലോകത്തേക്ക് എന്നെ ക്ഷണിക്കുകയും അക്ഷരങ്ങളുടെ കൂട്ടുകാരന്‍ ആകാന്‍ എന്നെ പ്രേരിപ്പിക്കയും അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന വാക്കുകള്‍ക്കു കൊടും കാറ്റിനെക്കാള്‍ ശക്തിയുണ്ടെന്നും വാളിനേക്കാള്‍ മൂര്‍ച്ചയേറുമെന്നും എന്നെ ഓര്‍മ്മിപ്പിച്ചത് ഐഫെര്‍ ഉബെഹ്സ് ആയിരുന്നു.

ഇന്ന് ബൂലോത്തൂടെ യാത്രചെയ്യുമ്പോള്‍, എഴുതുമ്പോള്‍, അക്ഷരങ്ങളെ എനിക്ക് കൂട്ടുകാരനാക്കിത്തന്ന അദ്ദേഹത്തെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ?

Wednesday, 24 March 2010

പ്രവാസത്തിലെ ഒരു അവധി ദിനം.



അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു .പൊതു അവധി ദിനം ഒട്ടനേകം നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ഞാന്‍ ജോലി നോക്കുന്ന ഫാക്ടറിയും പാതി ഉറക്കത്തിലേക്കു വഴുതിയിരിക്കുന്നു തലേ ദിവസം വരെ നീണ്ടുനിന്ന ഒരാഴ്ചത്തെ ഇടതടവില്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടിയ ഈ ദിവസം അവര്‍ ഉറക്കത്തിനു വേണ്ടി മാറ്റി വച്ചു.അതിനാല്‍ എങ്ങും നിശബ്ദത തളം കെട്ടി നിന്നിരുന്നു . അവര്‍ക്കൊപ്പം ഫ്ലാറ്റുകളും നിദ്രയിലാണ്ടു . സാധാരണയായി ഞാനും ഉറങ്ങാര്‍ ആണ് പതിവ് ..ജും ആ നമസ്കാരവും കഴിഞ്ഞു ഭക്ഷണവും കഴിച്ചു വിശാലമായി ഒന്നുറങ്ങുക പ്രവാസിക്ക് ആ നിദ്ര വളരെ ആശ്വാസം നല്കാറുണ്ട് . പക്ഷെ എന്ത് കൊണ്ടോ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല .എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു .

ഉറക്കം വരുത്താനുള്ള ശ്രമം ഒരു പാഴ് വേലയാണ് എന്ന് തോന്നി .ഞാന്‍ എഴുനേറ്റു ഡ്രസ്സ്‌ ചെയ്തു പുറത്തേക്കിറങ്ങി .ഫാക്ടറിക്കുള്ളിലെ ഇടനാഴിയിലൂടെ നടന്നു പുറത്തു വിശാലമായ മണല്‍ പരപ്പില്‍ ഞാന്‍ എത്തി .എങ്ങോട്ട് പോകണം എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു കാലുകള്‍ എന്നെ എങ്ങോട്ടോ നയിച്ചുകൊണ്ടിരുന്നു . ഈന്തപ്പനകള്‍ വരിയൊത്തു നില്‍ക്കുന്ന പാതയോരം അങ്ങകലെ യു .എ. ഇ യുടെ പതാകകള്‍ പാറിക്കളിക്കുന്ന ആകാശത്തിന്റെ വിശാലത . പതാകകളെ നെറുകയിലേന്തി ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു വിവാഹ മണ്ഡപം .ഈന്തപ്പനയുടെ ഓലയും ശിഖരങ്ങളും കൊണ്ട് മോടി പിടിപ്പിച്ച അതിന്റെ ഭംഗി ഏതൊരു വാസ്തു ശില്പിയും ഒന്ന് നോക്കി നിന്നുപോകും..
ഇവിടെ അറബികളുടെ വിവാഹ ചടങ്ങുകള്‍ മാത്രമേ നടക്കാറുള്ളൂ ഇന്നും അവിടെ വിവാഹം ഉണ്ടെന്നു തോന്നുന്നു .മണ്ഡപത്തിന്റെ കാര്‍ പാര്‍കിംഗ് നിറയെ മുന്തിയ തരം കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അറബികള്‍ അങ്ങിങ്ങായി നിലകൊള്ളുന്നു എന്തൊക്കെയോ ചര്‍ച്ചകള്‍ നടത്തുന്നു മണ്ടപത്തിനോട് അടുത്തായി ഒരുദ്യാനം നിലകൊള്ളുന്നു അവിടെ അറബി കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു വിനോദങ്ങളില്‍ മുഴുകിയിരിക്കുന്നു .സ്ത്രീകളെ അവിടെങ്ങും കാണായില്ല അവരൊക്കെ അകത്തളങ്ങളില്‍ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരിക്കും .രാത്രിയിലാണ് ഇവിടെ വിവാഹങ്ങള്‍ നടക്കാറുള്ളത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നാല്‍ നന്നായി കേള്‍ക്കാം ഈ മണ്ഡപത്തിലെ വിവാഹ ആഘോഷത്തിലെ പാട്ടുകളും ദഫ് മുട്ടിന്റെ താളവും .
സമയം ഇപ്പോള്‍ വൈകിട്ട് നാലുമണി കഴിഞ്ഞിരിക്കുന്നു ഞാന്‍ നടന്നു കടല്‍ക്കരയോളമെത്തി കടലിന്റെ ജലപ്പരപ്പില്‍ തലോടിക്കൊണ്ട് തണുത്ത കടല്‍ക്കാറ്റ് വീശുന്നു കാറ്റിന്റെ ഗതിക്കൊത്ത് ഈന്തപ്പന മരങ്ങളുടെ ശിഖരങ്ങള്‍ ഇളകിയാടുന്നു ഈ കാറ്റിനു എത്രത്തോളം പ്രവാസികളുടെ നൊമ്പരങ്ങള്‍.... വിരഹവേദനകളുടെ കഥകള്‍ പറയാനുണ്ടാവും. കാറ്റ്‌ എന്തോ മന്ത്രിക്കുന്നുവോ? ഈന്ത മരങ്ങള്‍ പരസ്പരം സ്വകാര്യം പറയുന്നുവോ അവര്‍ കാറ്റിനെ കളിയാക്കുന്നുവോ? അതോ എല്ലാം എന്റെ തോന്നലുകള്‍ ആണോ ആയിരിക്കാം ..
ഞാന്‍ കുറെ നേരം അവിടെ തന്നെ ഇരുന്നു കടലിന്റെ കുഞ്ഞോളങ്ങളുടെ ചലനങ്ങളില്‍ കണ്ണും നട്ട് ഞാനിരുന്നു അങ്ങ് പടിഞ്ഞാറിന്റെ ചക്രവാളം സുര്യനെ സ്വീകരിച്ചു ആനയിക്കുന്നു എവിടെക്കോ യാത്ര പോകാനുള്ള തിടുക്കത്തിലാണ് അര്‍ക്കന്‍. ചക്രവാളം നിറയെ ചെഞ്ചായം വാരിപ്പുരട്ടി സുര്യന്‍ മെല്ലെ താഴ്ന്നിറങ്ങി .ഭൂമിയില്‍ ഇവിടെ ഇരുട്ടിനു വരവേല്‍പ്പിന്റെ സമയം ആയി പാതയോരത്ത് നിരയൊത്തു നില്‍ക്കുന്ന ഇലക്ട്രിക് തൂണുകളില്‍ ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങി . തിരമാലകളുടെ അകമ്പടിയില്ലാതെ കടല്‍ ശാന്തമായി നിലകൊള്ളുന്നു .കടലിന്റെ മണല്തിട്ടക്ക് അപ്പുറം ഈന്തപ്പനകള്‍ നില്‍ക്കുന്ന പുല്‍പ്പരപ്പിലേക്ക് ഞാന്‍ നടന്നു ആകാശത്ത് തെളിഞ്ഞു വന്ന പൂര്‍ണ്ണ ചന്ദ്രനെ നോക്കി പുല്‍പ്പരപ്പില്‍ ഞാന്‍ കിടന്നു. എണ്ണിയാലൊടുങ്ങാത്ത നക്ഷത്ര കുഞ്ഞുങ്ങളെ നോക്കി...
മേഖങ്ങളെയും മഴയേയും ഇടിയും മിന്നലും ഒക്കെയും ഉത്ഭവിക്കുന്ന ആകാശത്തിലെ ഓരോ അത്ഭുതങ്ങളെയും ഓര്‍മിച്ചു കൊണ്ട് ഞാന്‍ കിടന്നു ...കുറെ നേരം.. കുറെ നേരം... പിന്നെപ്പോഴോ സമയം നോക്കാന്‍ മിനക്കെടാതെ ഞാന്‍ എഴുനേറ്റു നടന്നു ഒരാഴ്ചയുടെ അവധി ദിവസത്തിന്റെ അന്തിമ വേളയോടെ. വീണ്ടും ഒരു ആഴ്ചയുടെ തിരക്കേറിയ ദിനങ്ങളിലേക്ക്....