Thursday, 30 December 2010

പുതു വര്‍ഷം


ഓഫീസിലെ ജോലി കഴിഞ്ഞു വന്നപ്പോള്‍ അവന്റെ കയ്യില്‍
പുതിയ ഒരു കലണ്ടര്‍ ഞാന്‍ കണ്ടു പതിവിലും വിപരീതമായി അവന്റെ മുഖം പ്രസന്നമായിരുന്നു ഞാന്‍ ചോദിക്കുന്നതിനു മുന്പ് തന്നെ അവന്‍ വാചാലനായി പുതു വര്‍ഷമല്ലേ ബോസ്സ് എനിക്ക് രണ്ടു ദിവസം കൂടി എക്സ്ട്രാ ലീവ് തന്നു .ഹോ അടിച്ചു പൊളിക്കണം ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍ മാത്രമാ പുതു വര്‍ഷം വരിക ആഖോഷത്തിനു ഒരു കുറവും വരാന്‍ പാടില്ല നാളെ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് പോകണം .
ഇത്രയും പറഞ്ഞു എന്തൊക്കെയോ ഒരുക്കങ്ങളുമായി അവന്‍ തിരക്കിലായി .. ഒരു നിമിഷം എന്റെ മനസ്സ് ചിന്താധീതനായി ... കലണ്ടറില്‍ താളുകള്‍ അവസാനിച്ചു .ഇനി പുതിയ ഒരു കലണ്ടര്‍ "2011 " ഒരു വര്‍ഷം കൂടി വിട വാങ്ങുന്നു .ഒപ്പം പുതിയ ഒരു വര്‍ഷത്തിന്റെ സമാഗതം .എനിക്ക് ഒരു വയസ് കൂടി കൂടുതലായി .എനിക്ക് ദൈവം ഈ ഭൂമിയില്‍ അനുവദിച്ച കാലയളവില്‍ ഒരു വര്‍ഷം കൂടി കുറഞ്ഞു .ദൈവം കുറിച്ച് വച്ച എന്റെ ചവിട്ടടികളുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു മരണത്തിലേക്ക് ഞാന്‍ വീണ്ടും അടുത്തു കൊണ്ടേ ഇരിക്കുന്നു . ആകാശത്തില്‍ വര്‍ണ്ണ പ്രഭാപൂരം നിറച്ചു ലോകമെങ്ങും പുതു വര്‍ഷത്തെ വരവേറ്റു ആഖോഷത്തില്‍ മതിമറക്കുമ്പോള്‍ .. എന്റെ ഹൃദയത്തിന്റെ അന്തരംഗം ..ഭയ - ചകിതമാകുന്നു മരണത്തിലേക്ക് അടുക്കുന്ന സത്യത്തെ മറന്നു കൊണ്ട് വര്‍ഷങ്ങളുടെ എണ്ണം മാറി മറിയുന്നതില്‍ നാം ആഹ്ലാദിക്കുന്നുവോ??? ..തിന്മകളെ ക്കാള്‍ നമയുടെ തുലാസിന് മുന്‍‌തൂക്കം നേടി തരുന്ന നാളുകളാകട്ടെ ഈ പുതു വര്‍ഷത്തില്‍ നമ്മോടൊപ്പം ...

Friday, 17 December 2010

നന്മകളുടെ പൂന്തോട്ടം

വിശാലമായ മതില്‍ കെട്ടും അതിനുള്ളിലായി തണല്‍ വിരിച്ചു ഉയര്‍ന്നു നില്‍ക്കുന്ന
കിളിച്ചുണ്ടന്‍ മാവും ഒക്കെയായി ഇതാ എന്റെ മദ്രസ . പാതയോരത്ത് നിന്നും ഗേറ്റ് കടന്നു പടികള്‍ ഇറങ്ങിയാല്‍ എത്തുന്നത് എന്റെ പ്രിയപ്പെട്ട മദ്രസയുടെ വിശാലമായ ഹാളിലേക്കാണ്..ഗേറ്റിനു മുകളില്‍ ലോഹം കൊണ്ട് ആലേഖനം ചെയ്ത അക്ഷരങ്ങള്‍
d .k .i .m .v .b [ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്] എന്നതിനെ സൂചിപ്പിക്കുന്നു .ഹാളില്‍ നിന്നും എല്ലാ ക്ലാസ്സ്‌ റൂമുകളിലേക്കും
കടക്കാന്‍ വാതിലുകള്‍ ഉണ്ട് എന്റെ ജീവിതത്തിലെ ഏതെല്ലാം നന്മകള്‍ എനിക്കവകാശപ്പെടുവാന്‍ അര്‍ഹത ഉണ്ടെങ്കില്‍ അതെല്ലാം ഈ മദ്രസയുടെ ബഞ്ചുകളില്‍ ഇരുന്നു എന്റെ ബഹുമാന്യരായ , പ്രിയപ്പെട്ട, ഉസ്താദുമാരില്‍ നിന്നും കേട്ട് പഠിച്ച അറിവിന്റെ പ്രകാശത്തില്‍ നിന്നും ഉയിര്‍ കൊണ്ട നന്മകള്‍ മാത്രമാണ് . എന്റെ കുട്ടിക്കാലം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത് മദ്രസയിലെ പഠനം ആയിരുന്നു അത് കൊണ്ട് തന്നെ എല്ലാ വിഷയങ്ങളിലും നല്ല മാര്‍ക്കും നേടിയിരുന്നു .ഞാനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ചില ഉത്തരവാദിത്തങ്ങള്‍ എന്റെ പിതാവ് ഉസ്താദ് മാര്‍ക്ക് കൂടി വിട്ടു കൊടുക്കുമായിരുന്നു .എന്തെങ്കിലും കുസ്ര്‍തികള്‍ ഞാന്‍ ഒപ്പിച്ചാല്‍ അത് എന്റെ പിതാവിന്റെ ചെവിയില്‍ എത്തും വീട്ടിലെ കുസ്ര്തികള്‍ ഉസ്താദുമാരുടെ ചെവിയിലും എത്തും അത് കാരണം അടക്കത്തോടെ ആയിരുന്നു എന്റെ വളര്‍ച്ച .എന്റെ മദ്രസ പഠന കാലം ഏഴാം തരം വരെയായിരുന്നു ക്ലാസുകള്‍ ഉണ്ടായിരുന്നത് ഞാനും അതുവരെ അവിടെ പഠിച്ചു പിന്നീട് ഉള്ള മത പഠനം അന്വേഷിച്ചു പോയത് അറബിക് കോളേജിലേക്ക് ആയിരുന്നു. മദ്രസയില്‍ അന്ന്[അര ]എന്ന ക്ലാസ്സിലാണ് ആദ്യമായി കുട്ടികള്‍ എത്തുന്നത് അക്ഷരങ്ങള്‍ അവിടുന്ന് പഠിച്ചു ഒന്നാം ക്ലാസ്സിലേക്ക്... ഞാന്‍ അഡ്മിഷന്‍ കിട്ടുന്നതിനു മുന്പ് തന്നെ അയല്‍ വാസികളായ മുതിര്‍ന്ന കുട്ടികളോടൊപ്പം മദ്രസയില്‍ പോകുമായിരുന്നു അന്ന് അരയില്‍ പഠിപ്പിച്ചിരുന്ന ഉസ്താദിന്റെ മുഖം ഇന്നും എന്റെ ഓര്‍മയില്‍ നിലകൊള്ളുന്നു.എന്നോട് എന്നല്ല എല്ലാ കുട്ടികളോടും അങ്ങേ അറ്റം സ്നേഹമുള്ള ആ ഉസ്താദ്‌ എന്റെ പ്രഥമ അധ്യാപകനായത് കൊണ്ടായിരിക്കാം ഇന്നും വ്യെക്തമായി പ്രകാശമുള്ള ആ മുഖം ഓര്‍മയില്‍ നിലകൊള്ളുന്നത് .ഒരായിരം നന്മകള്‍ കുഞ്ഞു മനസ്സുകളില്‍ സമ്മാനമായി നിറക്കുന്ന നന്മകളുടെ കേന്ദ്രമാണ് മത പാഠശാലകള്‍ . രാവിലെ പ്രഭാത ക്ലാസ്സു കഴിഞ്ഞാണ് സ്കൂളിലേക്കുള്ള യാത്ര. അതിരാവിലെ എഴുനേറ്റു പോകണം ദിവസത്തിന്റെ ആദ്യം ലോകം മുഴുവനും അതിലുള്ളവയും സൃഷ്‌ടിച്ച പടച്ച തമ്പുരാന്റെ സ്മരണയില്‍ സൂറ ഫാത്തിഹ ചൊല്ലി തുടങ്ങുന്ന മത പഠനം. രാവിലെ പഠിക്കുന്നത് ഹൃദയത്തില്‍ പെട്ടെന്ന് ഉറയ്ക്കും അതായിരിക്കാം പ്രഭാത ക്ലാസ്സിന്റെ ഉദ്ദേശം . പക്ഷെ ഇന്നുള്ള കുട്ടികള്‍ക്ക് ഈ അനുഭവം കിട്ടുമെന്ന് തോന്നുന്നില്ല. ഒരുപാട് പുസ്തകങ്ങളും ചുമലിലേറ്റി അതിരാവിലെ സ്കൂളിലേക്കാണ് യാത്ര മദ്രസകളും മത പഠനവും അന്യമായി കൊണ്ടിരിക്കുന്നു മാതാപിതാക്കള്‍ പോലും ദീനിന്റെ പരിതി വിട്ടു വിദൂരമാകുന്ന
അവസ്ഥയില്‍ പാവം പുതു തലമുറയിലെ കുഞ്ഞു മക്കള്‍ എന്ത് ചെയ്യും ദീനീ വിദ്യാഭ്യാസം മറന്നു പോയ പുതിയ തലമുറ മദ്യത്തിന്റെയും അക്രമത്തിന്റെയും വഴിയിലേക്ക് എത്തിയിരിക്കുന്നു . പിതാക്കള്‍ വിദേശത്ത് നിന്നും അയക്കുന്ന സമ്പത്തില്‍ സുഭിക്ഷമായി കഴിയുന്ന കുടുംബം ടെലി വിഷന് മുന്നില്‍ ദിവസങ്ങള്‍ കൊഴിക്കുമ്പോള്‍ മക്കള്‍ മോശമായ കൂട്ട് കെട്ടുകളില്‍ കുടുങ്ങി നശിക്കുന്നു മാതാ പിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കല്‍ മറന്നു അവരെ വരച്ച വരയില്‍ നിര്‍ത്തുന്ന മക്കള്‍ ജീവിക്കുന്ന കാലം വന്നു കഴിഞ്ഞു . ഉസ്താദുമാര്‍ പഠിപ്പിച്ചിരുന്നു ദീനിന്റെ വഴി "മാതാപിതാക്കളോട് ഛെ എന്ന് പോലും പറയാന്‍ പാടില്ല "മാതാവിന്റെ കാല്‍പാദത്തിനടിയിലാണ് സ്വര്‍ഗം "അവര്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയത്‌ പോലെ, കരുണ കാണിച്ച പോലെ, അവര്‍ക്കും നീ കരുണ ചൊരിയണം എന്ന് പ്രാര്‍ത്ഥിക്കണം "ഇതൊക്കെ മറന്നു മക്കള്‍ ഇന്ന് നാശത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .ലോകം ഉണ്ടായ കാലം മുതല്‍ മനുഷ്യന്റെ ശത്രു ആയ പിശാചു നന്മയുടെ വഴിയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു .കാലത്തിനൊത്ത് കോലം മാറാന്‍ പഠിപ്പിക്കുന്ന പുത്തന്‍ വാദികള്‍ പെരുകുന്നു പണത്തിനു വേണ്ടി ദീനിനെ വളച്ചൊടിക്കാന്‍ തുടങ്ങി കഴിഞ്ഞു .ഒരു കാലത്ത് വീടിനു മുകളില്‍ ഇരിക്കുന്ന ആന്റിന കണ്ടാല്‍ കുരിശുള്ള വീട് എന്ന് പറയുന്ന ,ടി .വി - യെ ഇബ്ലീസ്‌ പെട്ടി എന്ന് പറയുന്ന സമൂഹം ഇന്ന് അതില്ലാതെ ഉറങ്ങാത്ത അവസ്ഥയില്‍ എത്തി എന്ന് പറയുമ്പോള്‍ അതും പുരോഗമനം ആണ് എന്ന് വാദിക്കാന്‍ ഇസ്ലാമിന്റെ ലേബലില്‍ ആയിരങ്ങള്‍ ഉണ്ടായിരിക്കുന്നു . മുഖവും മുന്കയ്യും കാല്പാദവും ഒഴികെയുള്ളത് സ്ത്രീയുടെ ഔരത് ആണ് എന്ന് ഉസ്താദുമാര്‍ പഠിപ്പിച്ചു . ഇന്ന് ശരീരം എങ്ങനെ പ്രദര്‍ശിപ്പിക്കാം എന്ന് ആലോചിച്ചു പുതിയ മോഡല്‍ വസ്ത്രങ്ങള്‍ പരീക്ഷിക്കാന്‍ ഈ സമൂഹം തുടങ്ങിയിരിക്കുന്നു .പേരിനു മാത്രം വസ്ത്രം ധരിക്കുന്ന പാശ്ചാത്യര്‍ രണ്ടു തലമുറകള്‍ കഴിയുമ്പോള്‍
അതിന്റെയും ആവശ്യമില്ല എന്ന് ഈ ലോകത്തിനു കാണിച്ചു തരും . അവര്‍ കാണിക്കുന്നത് എന്തും നല്ലത് എന്ന് അന്ഗീകരിക്കാന്‍ ലോകത്തെ മനുഷ്യര്‍ പഠിച്ചു കൊണ്ടിരിക്കുന്നു ഇസ്ലാം നല്ലത് പഠിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ഇസ്ലാമിനെ നശിപ്പിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്‌ മനുഷ്യ ഹൃദയത്തില്‍ നിന്നും ഈമാന്റെ വേരിനെ അറുക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ശ്രെമിക്കുന്നു .മനുഷ്യന്‍ യാഥാര്‍ത്യത്തിലേക്ക് മടങ്ങണം മാനുഷിക മൂല്യങ്ങള്‍ നില നില്ക്കാന്‍ മനുഷ്യന്‍ തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു മതങ്ങള്‍ പരസ്പരം സഹോദര്യത്തില്‍ കഴിഞ്ഞ നമ്മുടെ നാട്ടില്‍ ഇന്ന് അവര്‍ തമ്മിലുള്ള വൈരം പുറത്തു കാണിച്ചു കൊണ്ടിരിക്കുന്നു . അന്യ മതസ്തരോട് മമത കാണിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ എന്ന മുസ്ലിം കള്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ മറന്നു പോയിരിക്കുന്നു അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചു ഇങ്ങനെ എണ്ണമറ്റ ഇസ്ലാമിന്റെ അറിവുകള്‍ പഠിപ്പിച്ചു തന്ന ഉസ്താദുമാര്‍ എനിക്കെന്നും വലിയവരാണ് ഇന്നും മാതാപിതാക്കള്‍ കഴിഞ്ഞാല്‍ എന്റെ പ്രാര്‍ത്ഥനയില്‍
അവര്‍ക്കാണ് സ്ഥാനം . പുതിയ തലമുറയുടെ നന്മക്കു വേണ്ടി,മനുഷ്യന്റെ നന്മക്കു വേണ്ടി ദീന്‍ പഠിപ്പിക്കാന്‍ ഓരോ മാതാ പിതാക്കളും ബാധ്യസ്ഥരാണ് അതിനു മദ്രസകള്‍ സജീവമാകണം ലോകത്ത് നന്മ പുലരട്ടെ ................

Friday, 10 December 2010

മരണത്തിന്റെ ചിത്രം

കൂട്ടമായുള്ള കാക്കകളുടെ കരച്ചില്‍ കേട്ടാണ് രാവിലെ ഞാന്‍ ഉണര്‍ന്നത് ജനല്‍ പാളികള്‍ തുറന്നു പുറത്തേക്കു നോക്കി കണ്ണുകളിലേക്കു സൂര്യ രശ്മികള്‍ പാഞ്ഞു കയറി ഒന്നും കാണാന്‍ കഴിഞ്ഞില്ല കണ്ണുകള്‍ മുറുകെ അടച്ചു വീണ്ടും തുറക്കാന്‍ ശ്രെമിച്ചു ..ജോലിയില്ലാത്ത ദിവസം ഞാന്‍ ഇങ്ങനെയാണ് ബോധമില്ലാതെ ഉറങ്ങും വളരെ വൈകി ഉണരും
ഒരു ചിട്ടയുമില്ലാത്ത ദിവസമായിരിക്കും അന്ന് .കാക്കകള്‍ കരഞ്ഞു കൊണ്ടേ ഇരുന്നു അവറ്റകള്‍ ആര്‍ത്തു കരഞ്ഞു അങ്ങുമിങ്ങും പറന്നു കൊണ്ടിരിക്കുന്നു അതിന്റെ കാരണമായിരുന്നു എന്റെ കണ്ണുകള്‍ പരതാന്‍ തുടങ്ങിയത് ഒടുവില്‍ ഞാനത് കണ്ടു പിടിച്ചു വൈദ്യുത ലൈനില്‍ തൂങ്ങിയാടുന്ന ഒരു കാക്ക പെണ്ണിന്റെ ചേതനയറ്റ ശരീരം ..ഒരു മരണത്തില്‍ നിന്നുമുണര്‍ന്ന എന്റെ മുന്നില്‍ മറ്റൊരു മരണത്തിന്റെ ചിത്രം മനുഷ്യനെ മണ്ണിനടിയില്‍ സംസ്കരിക്കാന്‍ പഠിപ്പിച്ച ഒരു ജീവിയുടെ മരണം...

Friday, 3 December 2010

കള്ളി മുള്‍ ചെടി


ഒരു വെള്ളിയാഴ്ച ദിവസം. ഉച്ച ഭക്ഷണം കഴിഞ്ഞു ഞാന്‍ ഉറങ്ങാന്‍ കിടന്നു ഉറക്കം പെട്ടെന്ന് തന്നെ എന്നെ കീഴടക്കി .പക്ഷെ എന്റെ മൊബൈല്‍.. അവനു ഉറക്കം വന്നില്ല എന്റെ ഉറക്കത്തിന്റെ നിശബ്ദതയെ തട്ടി തകര്‍ത്തു കൊണ്ട് അവന്‍ അലറി വിളിച്ചു .ചെവിയോടു അടുപ്പിച്ച മൊബൈല്‍ ശബ്ദത്തില്‍ ഞാന്‍ അറിഞ്ഞു അങ്ങേ തലയ്ക്കല്‍ അവനായിരുന്നു എന്റെ സ്നേഹിതന്‍ ."പെട്ടെന്ന് റെഡി ആകൂ ഞാന്‍ ഇപ്പോള്‍ അവിടെ എത്തും"
ഇങ്ങനെ പറഞ്ഞു ഫോണ്‍ വച്ചു ഞാന്‍ കരുതി എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കും ഞാന്‍ എഴുനേറ്റു തയ്യാറെടുത്തു ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ താഴെ കാറിന്റെ ഹോണ്‍ മുഴങ്ങി എപ്പോഴും ഇങ്ങനെയുള്ള യാത്രകളില്‍ കൂടെയുണ്ടാവാറുള്ള അവന്റെ സഹായികള്‍ എല്ലാവരും പിന്‍ സീറ്റില്‍ ഉണ്ടായിരുന്നു . ഒളിമ്പസ് മെഗാ സൂം പ്രൊഫഷനല്‍ ക്യാമറ , ലാപ്‌ ടോപ്‌ ,പിന്നെ കുറെ പുസ്തകങ്ങള്‍ ,കുറെ സി ഡി കള്‍ .ഇന്നെങ്ങോട്ടാണാവോ സാഹസിക യാത്ര ? എന്ന എന്റെ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയില്‍ മറുപടി ഒതുക്കി അവന്‍ ഡ്രൈവിംഗ് ആരംഭിച്ചു . ഇടയ്ക്കു പലകാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു കൂട്ടത്തില്‍ അവന്‍ പറഞ്ഞു നമ്മള്‍ കള്ളിമുള്‍ ചെടി അന്വേഷിച്ചു പോകയാണ് . അപ്പോള്‍ ഞാനും പൊട്ടിച്ചിരിച്ചു മുന്പ് അവന്‍ ചിരിച്ച അതേ റേഞ്ചില്‍ . എങ്ങനെ ചിരിക്കാതിരിക്കും രാജസ്ഥാനിലെ മരുഭൂമിയില്‍ കാണുന്ന ഈ കള്ളിമുള്‍ ചെടി ഇവിടെ യു ഏ ഈ യില്‍ കിട്ടില്ലലോ. ഞാന്‍ പറഞ്ഞു നോക്കി അത് ഇവിടെ കിട്ടില്ലെടോ . നോക്കാം എന്ന് അവനും .മനസ്സില്‍ വിചാരിക്കുന്നത് നേടണം അത് അവന്റെ വാശിയാണ് അത് കൊണ്ട് ഞാന്‍ വിട്ടു കൊടുത്തു . മരുഭൂമി ആയിരുന്നു അവന്റെ ലക്‌ഷ്യം . ലകഷ്യത്തോടെയുള്ള ഡ്രൈവിംഗ് മര്‍ഫയും താരിഫും റുവൈസും കടന്നു വീണ്ടും .... നാല് കണ്ണുകളും പരതുകയായിരുന്നു വിജനമായ പാതയുടെ ഇരു ഭാഗത്തുമുള്ള മരു കുന്നുകളില്‍ . ഇനി സിലയാണ് സൗദിയിലേക്കുള്ള പ്രവേശന കവാടം അത് വളരെ അടുത്തായിരിക്കുന്നു .കാരണം കടന്നു പോകുന്ന ഓരോ വാഹനവും സൗദി രെജിസ്ട്രേഷന്‍ . അബുദാബിയില്‍ നിന്നും ഇത്രയും ദൂരം കള്ളി മുള്‍ ചെടി തേടി ഒരു ദീര്‍ഘ യാത്ര , ഡ്രൈവിങ്ങില്‍ മുഷിവില്ലാത്ത ഒരു ചങ്ങാതി ,ഒടുവില്‍ കള്ളിമുള്‍ ചെടിയില്ലാതെ മടക്കം എങ്കിലും ഈ യാത്രയില്‍ അവന്റെ ക്യാമറ കുറെയേറെ നല്ല ചിത്രങ്ങള്‍ ഒപ്പിയെടുത്തിരുന്നു കൂടെ കുറെ യാത്രാ അനുഭവങ്ങളും ...

Tuesday, 23 November 2010

ഓര്‍മ്മകള്‍


കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടന്നു ഒരു പബ്ലിക്‌ ടെലിഫോണ്‍ ബൂത്തും രണ്ടു ചെറു പെട്ടി കടകളും ഒഴിച്ചാല്‍ ..ഇടയ്ക്കു വന്നു പോകുന്ന ബസുകളില്‍
നിന്നും ഇറങ്ങുന്നവര്‍ അവിടെ അല്പം തങ്ങാന്‍ പോലും ക്ഷെമ കാണിക്കുന്നില്ല .ഒരുകാലത്ത് പ്രതാപത്തിന്റെയും ആള്‍ തിരക്കിന്റെയും ഉന്നതിയിലായിരുന്നു ഈ കൊച്ചു കവല. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ സജീവമാകുന്ന
ദിവസ ചന്ത ഏതു വിലകൂടിയ മത്സ്യവും അവിടെ ലഭ്യമായിരുന്നു അവിടുത്തെ ആരവം രണ്ടു കിലോമീറ്റര്‍ അപ്പുറത്തുനിന്നും കേള്‍ക്കാമായിരുന്നു
പരിസര ഗ്രാമങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു ഈ കവലയില്‍ , . കൈപന്തു കളിക്കുവാന്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന ഗ്രാമ വാസികളായ കുറെ ചെറുപ്പക്കാര്‍, റേഡിയോ പാര്‍കില്‍ വാര്‍ത്ത കേള്‍ക്കാന്‍
എത്തുന്ന മധ്യ വയസ്കര്‍, ഇങ്ങനെ എല്ലാം കൊണ്ടും എനിക്കും പ്രിയപ്പെട്ടതായിരുന്നു ഈ ഗ്രാമം . പഞ്ചായത്തിന്റെ വകയായി നിര്‍മിച്ചു കിട്ടിയ - മൂന്നു ഭാഗത്ത്‌ നിന്നും വെള്ളം കോരാന്‍ സൌകര്യമുള്ള ഒരു കിണര്‍ അതാണ്‌ ഇന്നും പഴയ ഓര്‍മകള്‍ക്ക് കൂട്ടായി
ഓരോ ഗ്രമാവാസിയോടും ഒപ്പമുള്ളത് .പടിഞ്ഞാറ്റതിലും
കിഴക്കതിലും കുഴിവിളയും കുരന്തരയും പുന്നമൂടും അങ്ങനെ കുറെ അധികം നല്ല കാരണവന്‍ മാര്‍ ജീവിച്ചിരുന്ന
വലിയ കുടുംബങ്ങളും വയലേലകളില്‍ വിളവ്‌ ഇറക്കലും പിന്നെ കൊയ്തും മെതിയും ഒക്കെയായി സന്തോഷമായി ജീവിച്ചവര്‍ അവിടുത്തെ ഗ്രാമീണര്‍, ഇന്ന് ഗത കാലത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ഒന്ന് പൊട്ടി കരയാന്‍ പോലും കഴിയാത്ത വേദനിക്കുന്ന ഹൃദയവുമായി ... ആ ഓര്‍മ്മകള്‍ എന്റെ കണ്ണുകളെ ആയിരുന്നു ഈറന്‍ അണിയിച്ചത് .

Friday, 12 November 2010

സാഹസം


അന്നും ഞാന്‍ അവനെ കണ്ടിരുന്നു വീടിന്റെ അരികിലെ ഇടവഴിയുടെ പടവുകള്‍ ഇറങ്ങി ഞാന്‍ താഴെ വയലോരത്ത് കൂടി ഒഴുകുന്ന ചെറുതോടിന്റെ അടുത്തെത്തി .കാല്‍ കഴുകി കയറാന്‍ ഒരുങ്ങുമ്പോഴാണ് ഞാന്‍ അത് കണ്ടത് ഒരു 'പോക്കാച്ചി തവള 'എന്നെക്കാള്‍ മുന്നേ അവന്‍ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നു .കുട്ടികള്‍ ആരെങ്കിലും കണ്ടാല്‍ അവന്റെ അന്ത്യം ഉറപ്പ് .എന്റെ കണ്ണ് വെട്ടിച്ചു അവന്‍ എങ്ങോ പോയി ഒളിച്ചു കഴിഞ്ഞു .കിണറിന്റെ അരികിലുള്ള പാറക്കൂട്ടതിനുള്ളിലാവാം. കുറെ ദിവസങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ഞാന്‍ ആ കാഴ്ച കണ്ടു . മുറ്റത്തെ പേര മരത്തില്‍ ചുറ്റിയിരുന്ന അലങ്കാര ബള്‍ബുകളില്‍
ഒരെണ്ണം അവന്‍ അകത്താക്കിയിരിക്കുന്നു അവന്റെ ഉദരത്തിനുള്ളില്‍ കിടന്നു ആ ബള്‍ബ്‌ വളരെ ശക്തിയായി പ്രകാശിക്കുന്നു . കഷ്ടം എന്തിനു വേണ്ടി അവന്‍ ഈ സാഹസം കാണിച്ചു ?

Friday, 29 October 2010

കൊടും ക്രൂരത

ഇന്ന് ഞാന്‍ കണ്ട കാഴ്ച. മലയാളത്തിന്റെ പാവം കവി അയ്യപ്പനെ കുറിച്ച് കുറെ പ്രോഗ്രാമുകള്‍ കാണിക്കാന്‍ മത്സരിക്കുന്ന ദ്രിശ്യ മാധ്യമങ്ങളെ ആയിരുന്നു ജീവിച്ചിരുന്നപ്പോള്‍ കാണിക്കാത്ത സ്നേഹം ഇന്ന് മരിച്ചപ്പോള്‍ കാണിക്കുന്നത് കണ്ടു എപ്പോഴും ഏകനായി നടക്കാന്‍ കൊതിച്ച കവി ഏകനായി മടങ്ങി ‍.ജീവിതത്തില്‍ പരിഭവം പറയാത്ത കവി ആരോടും പരിഭവം കാണിക്കാതെ അരങ്ങൊഴിഞ്ഞു .വീടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ശല്യമാകാതിരിക്കാന്‍ വഴിയരികില്‍ അനാഥ ശവമായി കിടന്നു .ഞാന്‍ കവി അയ്യപ്പനാണെന്നു ആരും അറിയാതിരുന്നെങ്കില്‍ എന്റെ ശവം അവര്‍ അനാഥ ശവമായി മറവു ചെയ്യുമല്ലോ എന്ന് കരുതിയ മഹാനായ ആ മനുഷ്യന്. സാഹിത്യ കേരളം ഒരു സംഭാവന ചെയ്തു കൊടുത്തു .അനാഥമായി കിടന്ന ആ മനുഷ്യനെ കവിയാണെന്ന് മലയാളികള്‍ക്ക് കാട്ടിക്കൊടുത്തു അവര്‍ അദ്ദേഹത്തിനെ പിന്നെ വിടുമോ? രാഷ്ട്രീയ പ്രജാപതികള്‍ അവരുടെ പങ്കായിട്ടും ...അവരുടെ രാഷ്ട്രീയ തിരക്കുകള്‍ മുന്‍ നിര്‍ത്തി കവി ശവദാഹത്തിനു കുറച്ചു കൂടി ക്ഷെമ കാണിക്കണം .അതും ഓരോ മേഖലകളിലുള്ള നേതാക്കന്മാര്‍ക്ക് വേണ്ടിയും പ്രത്യേകം ദിവസങ്ങള്‍ കവി ക്ഷെമ കാണിക്കണം അങ്ങനെ എല്ലാവരെയും പ്രതീക്ഷിച്ചു കവി കിടന്നു .മലയാളത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ഈ മഹാരഥന്മാര്‍ ഇങ്ങനെയും ത്യാഗങ്ങള്‍ ചെയ്യണമോ?ഇന്ന് ജീവിച്ചിരിക്കുന്ന സാഹിത്യകാരില്‍ നിന്നുയരുന്ന ഒരു വലിയ ചോദ്യം അതാണ്‌ ..ആ ചോദ്യം മലയാളികളോട് ആണ് ..

മരണം തേടുന്ന യാത്രക്കാരന്‍

മരണത്തെ കുറിച്ച് ഓര്‍മിക്കാന്‍ ഇന്ന് ആര്‍ക്കും ഇഷ്ടമല്ല ഒരുനാള്‍ മരിക്കും എന്ന വലിയ സത്യം മനുഷ്യന് മുന്നില്‍ നിലയുറപ്പിച്ചിട്ടും അതില്‍ നിന്നും എന്നെന്നേക്കുമായി മുഖം തിരിക്കാന്‍ പരിശ്രമിക്കുന്ന മനുഷ്യന്‍ .തലയിലെ നരച്ച മുടി കാട്ടിക്കൊടുത്തു" ഉമര്‍ താങ്കള്‍ മരിക്കും "എന്ന് പറഞ്ഞു എന്നെ മരണത്തെ കുറിച്ച് ഓര്മിപ്പിക്കണം എന്ന് ഖലീഫ ഉമര്‍ തന്‍റെ ഫ്രിത്യനോട് പറഞ്ഞിരുന്നു .നശ്വരമായ ഈ ലോകം സുഖവാസ കേന്ദ്രമാക്കിയ മനുഷ്യന് മരണത്തെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ ഇഷ്ടമില്ലാത്ത കാര്യമാണ്. മരണം മനുഷ്യന്റെ കരണ ഞരമ്പിനോട് അടുത്തിരിക്കുന്നു . മറ്റൊരു ലോകത്തിലേക്ക്‌ വേണ്ടി ആവശ്യമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള കൃഷി സ്ഥലമാണ്‌ ഈ ലോകം എന്ന പരമമായ സത്യം അടുത്തറിയുന്ന ഒരു മനുഷ്യനും മരണം എന്ന മഹാ പ്രതിഭാസത്തെ വിസ്മരിക്കാനാവില്ല .സൃഷ്ടാവിനോടുള്ള കടപ്പാടുകളുടെ വലിയ ഒരു ഭാരവുമായി സൃഷ്ടാവിന്റെ അടുത്തേക്ക് പോകാന്‍ ഇറങ്ങി തിരിച്ച വഴി യാത്രക്കരാ.. ഹേ.. മനുഷ്യാ ..തനിക്കു എങ്ങിനെ ഈ വഴിയില്‍ വച്ചു തന്‍റെ യാത്ര മതിയാക്കാന്‍ കഴിയും ..തന്‍റെ ലക്ഷ്യതിലേക്കു താന്‍ പോയെന്കിലെ മതിയാകൂ. പോകുക."ഇനിയെത്ര വഴിദൂരം നടക്കുമെന്നും ..ഇനിയെത്ര പുലരികള്‍ കാണുമെന്നും ..അറിയുന്നോന്‍ ഒരുവന്‍ സൃഷ്ടാവ് മാത്രം "

Friday, 8 October 2010

"സമയം "

വികാര വിചാരങ്ങള്‍ ,പിന്നെ അനുഭവങ്ങള്‍ അങ്ങനെ എന്തൊക്കെയോ എഴുതി ബ്ലോഗ്‌ നിറക്കാമെന്ന മോഹവുമായി വന്നത് വെറും വ്യാമോഹമായി .എഴുതാന്‍ സമയം വേണം പിന്നെ ഭാവന വേണം ഇവര്‍ രണ്ടു പേരും ഇല്ലങ്കിലും എന്തെങ്കിലും ഒരു വിഷയമെങ്കിലും വേണം . നര്‍മവും ഗൌരവവും ഒക്കെയായി കടന്നു വന്നു ബൂലോകത്ത് നിന്നും തമില്‍ നാട് രേജിസ്ട്രെഷനുള്ള നാഷണല്‍ പെര്‍മിറ്റ്‌ രണ്ട പാണ്ടി ലോറി നിറയെ വായനക്കാരെയും അത്രയും തന്നെ ഫോളോ വേര്സിനെയും നിറച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന" കണ്ണൂരാന്‍" എന്ന ബൂലോക പുലിയും അവനെ പിടിക്കാന്‍ വേണ്ടി വലയും വിരിച്ചിരിക്കുന്ന വേറെ കുറെയേറെ വമ്പന്‍ പുലികളും വാഴുന്ന ഈ ബൂലോകത്ത് വെറും ഒരു എലിയായ ഞാന്‍ എന്ത് ചെയ്യാന്‍ . പുലികളുടെ പോസ്റ്റ്‌ വായിച്ചു മറുപടി കൊടുക്കുവാന്‍ തന്നെ വേണം സമയം. ഇന്റര്‍ നെറ്റിന്റെ അതിപ്രസരം മനുഷ്യനെ പലവിധത്തിലും അധീന പ്പെടുത്തി കഴിഞ്ഞിരിക്കുന്നു എണ്ണിയാല്‍ തീരാത്തത്ര ചാറ്റ് റൂമുകളും ബ്ലോഗുകളും ഫ്രെണ്ട്സ് സൈറ്റുകളും പിന്നെ ഞാന്‍ എത്തിപ്പെടാത്ത എത്രയെത്ര മേഖലകള്‍. ഇവിടെയൊക്കെ വന്നു പോകുന്ന പതിനായിരങ്ങള്‍ അല്ല കോടികള്‍ അല്ല പരകോടികള്‍ ഇവര്‍ക്കൊക്കെ ഇതിനുള്ള സമയം എവിടുന്നു കിട്ടുന്നു .സമയത്തിന്റെ കാര്യത്തില്‍ ഇവരുടെയൊക്കെ മുതുകത്തു വരച്ച "വര "എന്റെ തലയില്‍ വരചിരുന്നെങ്കില്‍ ഞാന്‍ എന്ത് മാത്രം എഴുതി മറിക്കുമായിരുന്നു

Thursday, 17 June 2010

പിശാചുക്കള്‍ വരുന്ന വഴി.

മനുഷ്യര്‍ പരസ്പരം സ്നേഹത്തോടെ കഴിയുന്നത്‌ ഇഷ്ടപ്പെടാത്ത ഒരേ ഒരാള്‍ അത് സാത്താന്‍ അഥവാ പിശാച് അല്ലെങ്കില്‍ ഇബ് ലീസ് .ആണെന്ന് വിശ്വസിക്കുന്നു ഞാന്‍ . ബുദ്ധിയുള്ള മനുഷ്യന്‍ കഴിവതും പിശാചിന്റെ ദുര്‍-പ്രേരണ കള്‍ക്ക് വശംവദര്‍ ആകാതിരുന്നാല്‍ ഈ ലോകം മുഴുവനും നന്മയുടെ ,സന്തോഷത്തിന്റെ , സ്നേഹത്തിന്റെ വസന്ത കാലം മാത്രമായിരിക്കും എന്നും.
എല്ലാവരും അങ്ങനെ ആകാന്‍ ശ്രെമിക്കില്ല ചിലരെങ്കിലും ആയിരുന്നെങ്കില്‍ എന്നാശിക്കുന്നു .... ബ്ലോഗ്‌ എഴുതുന്നവരോടും അതിനെ വിലയിരുത്തി മറുപടി എഴുതുന്നവരോടും ഒന്ന് മാത്രമേ പറയാനുള്ളൂ ....നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ ഹൃദയത്തെ കീറിമുറിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ ഇടവരരുത്..... നമ്മുടെ സ്നേഹം, നമ്മുടെ ജീവിതം, എല്ലാം നിലനിര്‍ത്താന്‍ ഉതകുന്ന നന്മ നിറഞ്ഞ സന്ദേശങ്ങള്‍ , മാനവര്‍ക്ക് നല്‍കുന്ന, പുതു തലമുറയ്ക്ക് നല്‍കുന്ന, ബ്ലോഗുകള്‍ ആയിരിക്കട്ടെ നിങ്ങളുടെ സൃഷ്ടികള്‍

Thursday, 6 May 2010

ആരാണ് മനുഷ്യന്‍?

മനുഷ്യന്‍.. എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സൃഷ്ടി . നന്മയും തിന്മയും തോളിലേറ്റി നടക്കുന്നു എങ്കിലും നല്ലത് ചെയ്യാന്‍ എപ്പോഴും മടിയാണ് .തിന്മ ചെയ്തത് കാരണമാണ് അവന്‍ സാക്ഷാല്‍ സ്വര്‍ഗ്ഗ ജീവിതത്തില്‍ നിന്നും പുറം തള്ളപ്പെട്ടത് .വിലക്കപ്പെട്ട കനി തിന്ന കാരണം സ്വര്‍ഗ്ഗ വാതില്‍ കൊട്ടിയടച്ചു പുറത്താക്കപ്പെട്ട ആദമും ഹവ്വയും. മനുഷ്യര്‍ എന്ന വിശേഷണവുമായി വന്നവര്‍. ലോകത്ത് ആദ്യമായി അവരുടെ ആണ്‍മക്കള്‍ കലഹം തുടങ്ങി വച്ച് -മൂത്തവനായ കാബീല്‍ ഹാബീല്‍ എന്ന ഇളയവനെ വധിച്ചു ലോകത്തെ പ്രഥമ കൊലപാതകത്തിന് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തു.
ദൈവം പടച്ച ഉത്തമരായ ഒരു വിഭാഗമായ മനുഷ്യന്‍ .... പിശാചിന്റെ സാന്നിധ്യം അവനെ- മനുഷ്യനെ വഴികേടിലേക്ക് നയിക്കുന്നു .ഭൂ ലോകത്ത് കാണപ്പെടുന്ന എല്ലാം ഈ മനുഷ്യന് വേണ്ടി ദൈവം സംവിധാനിച്ചിരിക്കുന്നു.എല്ലാം ...എല്ലാം. വലിയ ഒരു ഉദ്ദേശം സാധ്യമാക്കാന്‍ .ഭൂമി ലോകത്ത് നന്മ ചെയ്തവന് സ്വര്‍ഗ്ഗവും തിന്മ കൂട്ടാക്കിയവന് നരകവും മരണത്തിനു ശേഷം എന്നെന്നേക്കുമായി നല്‍കുവാന്‍ എന്ന വലിയ ഉദ്ദേശം സാധ്യമാക്കാന്‍ ..പക്ഷെ അവന്‍ മനുഷ്യന്‍ അവനു മരിക്കുവാന്‍ ഇഷ്ടമില്ല എങ്കിലും അവന്‍ ഒരിക്കല്‍ അതിനു കീഴടങ്ങുക തന്നെ ചെയ്യും.
പ്രവാചകന്‍ മുഹമ്മദ്‌ നബി പറയുകയുണ്ടായി ഒരു കാലം വരും അന്ന് [അഞ്ച് കാര്യങ്ങള്‍ മനുഷ്യന്‍ ഇഷ്ട്ടപ്പെടും അഞ്ച് കാര്യങ്ങള്‍ അവന്‍ മറന്നു ജീവിക്കും -ഭുലോകത്തെ ഇഷ്ടപ്പെടും പരലോകത്തെ മറന്നു പോകും, ജീവിക്കാന്‍ ഇഷ്ടപ്പെടും മരണത്തെ മറക്കും ,സൃഷ്ടികളെ ഇഷ്ടപ്പെടും സൃഷ്ടാവിനെ മറക്കും, ധനത്തെ ഇഷ്ടപ്പെടും ധനം വിനിയോഗിച്ച മാര്‍ഗത്തെ ക്കുറിച്ച് ചോദിക്കപ്പെടും എന്ന് മറന്നു പോകും, മണി മന്ദിരങ്ങളെ ഇഷ്ടപ്പെടും മരണാനന്തരം കിടക്കേണ്ട മണ്‍ അറയെ അവന്‍ മറന്നു പോകും ] ....പ്രവാചകന്‍ പറഞ്ഞ കാലഖട്ടം ഇത് തന്നെയാണ് തീര്‍ച്ച !!നാശത്തില്‍ നിന്നും നാശത്തിലേക്ക് മനുഷ്യന്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു.. മനുഷ്യനെ നേര്‍ മാര്‍ഗം കാണിക്കേണ്ട മതങ്ങള്‍ ആദര്‍ശങ്ങള്‍ മരിച്ചു മരവിച്ചു നിലകൊള്ളുന്നു ...

Wednesday, 24 March 2010

പ്രവാസത്തിലെ ഒരു അവധി ദിനം.



അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു .പൊതു അവധി ദിനം ഒട്ടനേകം നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ഞാന്‍ ജോലി നോക്കുന്ന ഫാക്ടറിയും പാതി ഉറക്കത്തിലേക്കു വഴുതിയിരിക്കുന്നു തലേ ദിവസം വരെ നീണ്ടുനിന്ന ഒരാഴ്ചത്തെ ഇടതടവില്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടിയ ഈ ദിവസം അവര്‍ ഉറക്കത്തിനു വേണ്ടി മാറ്റി വച്ചു.അതിനാല്‍ എങ്ങും നിശബ്ദത തളം കെട്ടി നിന്നിരുന്നു . അവര്‍ക്കൊപ്പം ഫ്ലാറ്റുകളും നിദ്രയിലാണ്ടു . സാധാരണയായി ഞാനും ഉറങ്ങാര്‍ ആണ് പതിവ് ..ജും ആ നമസ്കാരവും കഴിഞ്ഞു ഭക്ഷണവും കഴിച്ചു വിശാലമായി ഒന്നുറങ്ങുക പ്രവാസിക്ക് ആ നിദ്ര വളരെ ആശ്വാസം നല്കാറുണ്ട് . പക്ഷെ എന്ത് കൊണ്ടോ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല .എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു .

ഉറക്കം വരുത്താനുള്ള ശ്രമം ഒരു പാഴ് വേലയാണ് എന്ന് തോന്നി .ഞാന്‍ എഴുനേറ്റു ഡ്രസ്സ്‌ ചെയ്തു പുറത്തേക്കിറങ്ങി .ഫാക്ടറിക്കുള്ളിലെ ഇടനാഴിയിലൂടെ നടന്നു പുറത്തു വിശാലമായ മണല്‍ പരപ്പില്‍ ഞാന്‍ എത്തി .എങ്ങോട്ട് പോകണം എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു കാലുകള്‍ എന്നെ എങ്ങോട്ടോ നയിച്ചുകൊണ്ടിരുന്നു . ഈന്തപ്പനകള്‍ വരിയൊത്തു നില്‍ക്കുന്ന പാതയോരം അങ്ങകലെ യു .എ. ഇ യുടെ പതാകകള്‍ പാറിക്കളിക്കുന്ന ആകാശത്തിന്റെ വിശാലത . പതാകകളെ നെറുകയിലേന്തി ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു വിവാഹ മണ്ഡപം .ഈന്തപ്പനയുടെ ഓലയും ശിഖരങ്ങളും കൊണ്ട് മോടി പിടിപ്പിച്ച അതിന്റെ ഭംഗി ഏതൊരു വാസ്തു ശില്പിയും ഒന്ന് നോക്കി നിന്നുപോകും..
ഇവിടെ അറബികളുടെ വിവാഹ ചടങ്ങുകള്‍ മാത്രമേ നടക്കാറുള്ളൂ ഇന്നും അവിടെ വിവാഹം ഉണ്ടെന്നു തോന്നുന്നു .മണ്ഡപത്തിന്റെ കാര്‍ പാര്‍കിംഗ് നിറയെ മുന്തിയ തരം കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അറബികള്‍ അങ്ങിങ്ങായി നിലകൊള്ളുന്നു എന്തൊക്കെയോ ചര്‍ച്ചകള്‍ നടത്തുന്നു മണ്ടപത്തിനോട് അടുത്തായി ഒരുദ്യാനം നിലകൊള്ളുന്നു അവിടെ അറബി കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു വിനോദങ്ങളില്‍ മുഴുകിയിരിക്കുന്നു .സ്ത്രീകളെ അവിടെങ്ങും കാണായില്ല അവരൊക്കെ അകത്തളങ്ങളില്‍ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരിക്കും .രാത്രിയിലാണ് ഇവിടെ വിവാഹങ്ങള്‍ നടക്കാറുള്ളത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നാല്‍ നന്നായി കേള്‍ക്കാം ഈ മണ്ഡപത്തിലെ വിവാഹ ആഘോഷത്തിലെ പാട്ടുകളും ദഫ് മുട്ടിന്റെ താളവും .
സമയം ഇപ്പോള്‍ വൈകിട്ട് നാലുമണി കഴിഞ്ഞിരിക്കുന്നു ഞാന്‍ നടന്നു കടല്‍ക്കരയോളമെത്തി കടലിന്റെ ജലപ്പരപ്പില്‍ തലോടിക്കൊണ്ട് തണുത്ത കടല്‍ക്കാറ്റ് വീശുന്നു കാറ്റിന്റെ ഗതിക്കൊത്ത് ഈന്തപ്പന മരങ്ങളുടെ ശിഖരങ്ങള്‍ ഇളകിയാടുന്നു ഈ കാറ്റിനു എത്രത്തോളം പ്രവാസികളുടെ നൊമ്പരങ്ങള്‍.... വിരഹവേദനകളുടെ കഥകള്‍ പറയാനുണ്ടാവും. കാറ്റ്‌ എന്തോ മന്ത്രിക്കുന്നുവോ? ഈന്ത മരങ്ങള്‍ പരസ്പരം സ്വകാര്യം പറയുന്നുവോ അവര്‍ കാറ്റിനെ കളിയാക്കുന്നുവോ? അതോ എല്ലാം എന്റെ തോന്നലുകള്‍ ആണോ ആയിരിക്കാം ..
ഞാന്‍ കുറെ നേരം അവിടെ തന്നെ ഇരുന്നു കടലിന്റെ കുഞ്ഞോളങ്ങളുടെ ചലനങ്ങളില്‍ കണ്ണും നട്ട് ഞാനിരുന്നു അങ്ങ് പടിഞ്ഞാറിന്റെ ചക്രവാളം സുര്യനെ സ്വീകരിച്ചു ആനയിക്കുന്നു എവിടെക്കോ യാത്ര പോകാനുള്ള തിടുക്കത്തിലാണ് അര്‍ക്കന്‍. ചക്രവാളം നിറയെ ചെഞ്ചായം വാരിപ്പുരട്ടി സുര്യന്‍ മെല്ലെ താഴ്ന്നിറങ്ങി .ഭൂമിയില്‍ ഇവിടെ ഇരുട്ടിനു വരവേല്‍പ്പിന്റെ സമയം ആയി പാതയോരത്ത് നിരയൊത്തു നില്‍ക്കുന്ന ഇലക്ട്രിക് തൂണുകളില്‍ ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങി . തിരമാലകളുടെ അകമ്പടിയില്ലാതെ കടല്‍ ശാന്തമായി നിലകൊള്ളുന്നു .കടലിന്റെ മണല്തിട്ടക്ക് അപ്പുറം ഈന്തപ്പനകള്‍ നില്‍ക്കുന്ന പുല്‍പ്പരപ്പിലേക്ക് ഞാന്‍ നടന്നു ആകാശത്ത് തെളിഞ്ഞു വന്ന പൂര്‍ണ്ണ ചന്ദ്രനെ നോക്കി പുല്‍പ്പരപ്പില്‍ ഞാന്‍ കിടന്നു. എണ്ണിയാലൊടുങ്ങാത്ത നക്ഷത്ര കുഞ്ഞുങ്ങളെ നോക്കി...
മേഖങ്ങളെയും മഴയേയും ഇടിയും മിന്നലും ഒക്കെയും ഉത്ഭവിക്കുന്ന ആകാശത്തിലെ ഓരോ അത്ഭുതങ്ങളെയും ഓര്‍മിച്ചു കൊണ്ട് ഞാന്‍ കിടന്നു ...കുറെ നേരം.. കുറെ നേരം... പിന്നെപ്പോഴോ സമയം നോക്കാന്‍ മിനക്കെടാതെ ഞാന്‍ എഴുനേറ്റു നടന്നു ഒരാഴ്ചയുടെ അവധി ദിവസത്തിന്റെ അന്തിമ വേളയോടെ. വീണ്ടും ഒരു ആഴ്ചയുടെ തിരക്കേറിയ ദിനങ്ങളിലേക്ക്....

Tuesday, 23 March 2010

എന്റെ സ്വപ്നം ...


ഒരിളം മാരുതനായ് തഴുകി വന്നെന്നരികിലായ് ... എവിടെ എന്‍ ഹൃദയം കുളിര്‍പ്പിക്കും
ഒരിറ്റു സ്വാന്തനം തേടി..
ചുറ്റും പരതിയോരെന്‍ നേത്രങ്ങളില്‍ നിന്‍ രൂപം പതിഞ്ഞപ്പോള്‍ ....
വിഷാദം നിഴലിച്ച എന്‍ കണ്ണുകള്‍
എന്റെ മൂകമാം ഹൃദയത്തില്‍ ഉരുകുന്ന നൊമ്പരം
കണ്ണ് നീര്‍ ചാലിട്ട്ഒഴുകിയ പാടുകള്‍ ...
കണ്ടിട്ടെന്നരികിലായ് ഓടി അടുത്തപ്പോള്‍ ...
സഹ്യ സാനുക്കളില്‍ നിന്നുതിരും ..
കണങ്ങളിന്‍ കുളിര്‍ മഴയായി സ്വാന്തനമായി മാറി നീ .
നിന്‍ കരങ്ങള്‍ കവര്‍ന്നു ഞാന്‍ ഗമിച്ചവഴികളിലൊക്കെയും
നിഴലായി എന്നോടൊത്ത് നീ അന്നുണ്ടായിരുന്നതും
ഞാന്‍ പിച്ചവെച്ചു പഠിച്ച എന്‍ വീടും തിരുമുറ്റവും
ചുറ്റും നിരന്നു നില്‍ക്കും തെങ്ങിന്‍ കൂട്ടവും ..
കുയിലും കാക്കയും തത്തമ്മയും ചേക്കേറുന്ന എന്റെ പറങ്കി മാവിന്‍ തോട്ടവും ..
പൂവിട്ടു നില്‍ക്കുന്ന കശുമാവിന്‍ കൊമ്പില്‍ പാടുന്ന കുയിലമ്മയും
ഒക്കെയും അങ്ങകലെ ഓര്‍മയായി ..
പിന്നെ നീയെന്ന എന്റെ സ്വപ്നവും .........
ഇന്ന് ഞാനീ മരുഭൂവില്‍ .ഒറ്റപ്പെടുന്ന ഈനിമിഷവും.....
പിന്നെപ്പോഴോ മരുഭൂവില്‍ ഞാന്‍ അലഞ്ഞപ്പോള്‍..
മരീചികയാകാതെ മരുപ്പച്ചയായി മാറി നീ ....

തുടക്കക്കാരന്റെ ജല്പനങ്ങള്‍ ..

ഞാന്‍ ഒരു കവിയല്ല ഒരു എഴുത്ത് കാരനുമല്ല എന്റെ തൂലികയില്‍ നിന്നും ഒരു സാഹിത്യ സൃഷ്ടിയും ഇത് വരെ ജന്മമെടുത്തിട്ടില്ല . പിന്നെയും ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു .ശെരിയാണ് തുടക്കക്കാരന്റെ ജല്പനങ്ങള്‍ ..എല്ലാറ്റിനും കാരണം അവനാണ്.എന്റെ സ്നേഹിതന്‍ .അവന്‍ വലിയ എഴുത്തുകാരന്‍ എന്നാ അവന്റെ ഭാവന ആയിരിക്കാം കുറെ പുസ്തകങ്ങള്‍ അവന്‍ പ്രസിദ്ധീകരിച്ചു ഏതൊക്കെയോ പത്ര മാധ്യമങ്ങളില്‍ ജോലി നോക്കി പിന്നെ ചില ടെലിവിഷന്‍ ചാനലുകളില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി ഇന്റര്‍ നെറ്റിന്റെ അതിപ്രസരത്തില്‍ അവന്‍ അതില്‍ നുഴഞ്ഞു കയറി ലോകത്തില്ലാത്ത സൈറ്റുകള്‍ ഉണ്ടാക്കിയെടുത്തു എണ്ണിയാലൊടുങ്ങാത്ത ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചു എന്നിട്ടും അവനു മതിയായില്ല എന്നോട് പറഞ്ഞു എഴുതെടാ.. എഴുതൂ ...ഞാന്‍ അവന്റെ കാലു പിടിച്ചു പറഞ്ഞു എനിക്ക് കഴിയില്ല .എഴുതുവാന്‍ ഭാവന വേണം അതെനിക്കില്ല .ഞാന്‍ വെറും വട്ടപ്പുജ്യം .എന്നെ നിര്‍ബന്ധിക്കരുത് .എന്റെ വാക്കുകള്‍ അവന്‍ കേട്ട ഭാവം കാണിച്ചില്ല .അവന്റെ കര്‍ണ്ണങ്ങള്‍ ബധിരമായിപ്പോയോ..ഒടുവില്‍ ആ ബലഹീന നിമിഷത്തില്‍ ഞാന്‍ എഴുതി.എന്തൊക്കെയോ കുത്തിക്കുറിച്ചു .ലോകത്തില്ലാത്ത ചില സാഹിത്യങ്ങള്‍ ഇതാണോ സാഹിത്യം പൊട്ട സാഹിത്യം അത് വായിച്ച ചില സാഹിത്യകാരന്മാര്‍ അവര്‍ എന്നെ കൊല്ലാതെ കൊന്നു പിന്നെ കൊല്ലാതെ വിട്ടു അതുകൊണ്ട് ഈ സത്യം എനിക്കെഴുതാന്‍ കഴിഞ്ഞു എന്നെകൊണ്ട് ഈ കടും കൈ ചെയ്യിച്ച ആ എഴുത്തുകാരന്‍ എന്ന മഹാന്‍ ഇന്നെന്നെ കാണുമ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കും..... ആയുഷ്മാന്‍ ഭവ :